ചെറായി: ചെറായിയിലെ ഒരു വീട്ടിൽ നിന്നും 2.4 ലക്ഷം രൂപ വിലവരുന്ന പത്തര പവന്റെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ഹോം നേഴ്സിനെ പോലീസ് 24 മണിക്കൂറിനകം കുന്നംകുളത്തെ ഒരു ലോഡ്ജിൽ നിന്നും അറസ്റ്റ്ചെയ്തു. പാലക്കാട് ത്രിത്താല കൂറ്റനാട് കക്കാട്ടിമല റോഡിൽ ഐഷ എന്ന് വിളിക്കുന്ന മായാചന്ദ്രൻ (53) ആണ് അറസ്റ്റിലായത്.
ചെറായി സ്വദേശി അഭിലാഷിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. അസുഖം ബാധിച്ച് കിടക്കുന്ന അഭിലാഷിന്റെ അമ്മയെ നോക്കാൻ നിർത്തിയ ഹോംനഴ്സായിരുന്നു പ്രതി . വ്യാഴാഴ്ച രാവിലെ 11 ന് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് രണ്ട് മാലയും ഒരു ജോഡി കമ്മലും മോഷ്ടിച്ചുകൊണ്ട് ഇവർ സ്ഥലം വിടുകയായിരുന്നു.
ഇതേ തുടർന്ന് അഭിലാഷ് മുനന്പം പോലീസിൽ നൽകിയ പരാതിയിൽ എസ്ഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ ചെറായിയിൽ നിന്നും ടാക്സി വിളിച്ചതായി അറിയാൻ കഴിഞ്ഞു. ടാക്സി ഡ്രൈവറെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ ഇവരെ കുന്നംകുളത്ത് ഒരു ലോഡ്ജിൽ എത്തിച്ചെന്നും അതിനു മുന്പായി അവിടെ തന്നെയൊരു ജ്വല്ലറിയിൽ ഇവർ കയറിയെന്നും ഡ്രൈവർ മൊഴി നൽകി.
പിന്നീട് പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ ഡ്രൈവറെയും കൂട്ടി കുന്നംകുളത്ത് ലോഡ്ജിൽ എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നഷ്ടപ്പെട്ട സ്വർണം കുന്നംകുളത്തെ ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് വീണ്ടെടുത്തു. കേസെടുത്തശേഷം രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.