സ്വന്തം ലേഖകൻ
കണ്ണൂർ: തമിഴ്നാട്ടിലെ സ്ത്രീകളെ കേരളത്തിലേക്ക് റിക്രൂട്ട് ചെയ്ത് ഹോം നഴ്സായി വീടുകളിൽ നിർത്തി അവരുടെ സഹായത്തോടെ കവർച്ച നടത്തുന്ന ക്രിമിനൽസംഘം തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു.
പള്ളിക്കുന്നിലെ ഒരു വീട്ടിലെ കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് പങ്കഗിരി കണ്ടച്ചിക്കാടിലെ കവിൻകുമാറിൽ (28) നിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അറസ്റ്റിലായ കവിൻകുമാർ. പള്ളിക്കുന്നിൽ വീട്ടുവേലക്ക് നിന്ന കോകില എന്ന സ്ത്രീയുടെ സഹായത്തോടെയാണ് 30 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്നത്. കൂട്ടുപ്രതി ഗോകിലയ്ക്കു(40) വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
തമിഴ്നാട്ടിലെ ഈറോഡ്, സേലം എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം കേരളത്തിൽ ജോലി വാഗ്ദാനം നൽകിയാണ് സ്ത്രീകളെ കൊണ്ടുവരുന്നത്. ഇവരെ ചില ഏജന്റുമാരുടെ സഹായത്തോടെ വീടുകളിൽ ജോലിക്ക് നിയോഗിക്കുകയും ചെയ്യുന്നു. വീട്ടുകാരുമായി നല്ല അടുപ്പം സ്ഥാപിക്കുന്ന സ്ത്രീകൾ പിന്നീട് ഈ ക്രിമിനൽ സംഘത്തിന്റെ കണ്ണികളായി പ്രവർത്തിക്കുന്നു.
പള്ളിക്കുന്ന് കവർച്ചയിൽ അറസ്റ്റിലായ കവിൻകുമാറിനെ ഗോകില മൂന്നുതവണ കവർച്ച നടന്ന വീട്ടിൽ വിളിച്ചു വരുത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയിൽ വീട്ടുകാർ ഉറങ്ങിയതിനുശേഷം പിൻവാതിൽ തുറന്നാണ് പ്രതിയെ അകത്തു കയറ്റിയത്.
ഹോംനഴ്സായി വീട്ടിൽ നിന്നശേഷം പണവും സ്വർണവും കവർന്നശേഷം മുങ്ങുന്ന ഇതരസംസ്ഥാന സ്ത്രീകളെക്കുറിച്ചുള്ള കേസുകൾ സമീപകാലത്ത് കേരളത്തിൽ കൂടിവരികയാണ്. വീട്ടിലുള്ള പണത്തെക്കുറിച്ചും സ്വർണത്തെക്കുറിച്ചും വീട്ടിലെ ആളുകളുടെ എണ്ണമടക്കം ജോലിക്കു നിൽക്കുന്ന സ്ത്രീകൾ മൊബൈൽവഴി ക്രിമിനൽസംഘങ്ങൾക്ക് വിവരങ്ങൾ നൽകും.
തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയത്തോ അംഗങ്ങളുടെ എണ്ണം കുറഞ്ഞ സമയത്തോ ഇവർ കവർച്ചയ്ക്കായി എത്തുകയും ചെയ്യും. വീട്ടിൽ ആളുകളെ ജോലിക്ക് നിയമിക്കുന്പോൾ വേണ്ട രീതിയിൽ അന്വേഷണ നടത്തണമെന്നാണ് പോലീസ് നിർദേശിക്കുന്നത്.
കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എഎസ്ഐമാരായ മഹിജൻ, അനീഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കവിൻ കുമാറിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ അഞ്ചിന് രാവിലെ രാവിലെ 11.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കുന്ന് മൂകാംബിക റോഡിലെ ഷെറിന്റെ “ദിൻഷെയർ’ എന്ന വീട്ടിൽ അതിക്രമിച്ചു കയറിയ കവിൻകുമാറും ഗോകിലയും ഷെറിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.