ഹോം നഴ്സിംഗുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് നടത്തിയ പൊതു തെളിവെടുപ്പില്‍ പരിഭവങ്ങളും പരാതികളും നിരന്നു. മേഖല നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ച് നിരവധി പരാതികളുണ്ടായി.
പബ്ലിക് ഹിയറിംഗിനെത്തിയവരുടെ പരാതികള്‍ പലതരത്തിലുള്ളതായിരുന്നു. വീടുകളില്‍ ജോലിക്കെത്തുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോടൊപ്പം ഏജന്‍സികള്‍ കൃത്യമായ ശമ്പളം നല്‍കാത്തതും പരാതികളായി ഉണ്ടായി.
വീടുകളില്‍ ജോലിക്കെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാത്തതും കിടക്കാന്‍ ഇടം നല്‍കാത്തതും വേതനം നല്‍കാതെ ബുദ്ധിമുട്ടിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗം തടസപ്പെടുത്തുന്നതും അടക്കമുള്ള പരാതികളുണ്ടായി.
പരാതികള്‍ നല്കിയാല് തങ്ങള്‍ക്കെതിരേ മോഷണക്കുറ്റം ചുമത്തുന്ന പ്രവണത ഏറിവരുന്നതായും ആക്ഷേപമായി ഉയര്‍ന്നു.ക്ഷേമനിധി, ജോലി സമയത്തിന് കൃത്യമായ ക്രമീകരണം, ഏജന്‍സികള്‍ക്ക് കൃത്യമായ ഗൈഡ് ലൈന്‍, പിഎഫ്, ഇന്‍ഷ്വറന്‍സ്, പെന്ഷന് ആവശ്യങ്ങളും ഉയര്‍ന്നുവന്നു. സേവന വേതന വ്യവസ്ഥകള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കണമെന്നാവശ്യവുമുണ്ടായി.
കേരളത്തിലെ ഹോം നഴ്സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമ്മീഷന് സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി 11 മേഖലകള്‍ തെരഞ്ഞെടുത്ത് വനിതാ കമ്മീഷന് നടത്തുന്ന പബ്ലിക് ഹിയറിംഗ് ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാധിക്കണം.പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് നല്കുന്ന ശിപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കേരള വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി അധ്യക്ഷത വഹിച്ചു. കേരള വനിതാ കമ്മീഷന് അംഗങ്ങളായഎലിസബത്ത് മാമ്മന്‍ മത്തായി, ഇന്ദിരാ രവീന്ദ്രന്, വി.ആര്. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന നയിച്ചു.