കോഴിക്കോട്: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുകയും തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ മുന്‍തൂക്കം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികളും രംഗത്ത്.
പ്രവാസികള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ നാട്ടിലേക്ക് മടങ്ങിവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്വാറന്റൈന് സംവിധാനം നിര്‍ത്തലാക്കിയതാണ് വ്യാപനത്തിന് ഒരു പരിധിവരെ കാരണമായതെന്ന് ഇവര്‍ പറയുന്നു. ഇതോടാപ്പം ഹോം ക്വാറന്റൈന് ഉദ്ദേശിച്ച ഫലം ഉണ്ടാക്കുകയും ചെയ്തില്ല.
വീടുകളില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നറിയാന്‍ വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ പരിശോധനയ്ക്കായി വീടുകളില്‍ എത്തിയിരുന്നുവെങ്കിലും അധികൃതരുടെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ വ്യാപകമായി പുറത്തിറങ്ങുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഹോം ക്വാറന്റൈന് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്നായിരുന്നു ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. സര്‍ക്കാര്‍ സംവിധാനം നിര്‍ത്തിലാക്കിയത് പ്രതിപക്ഷം വലിയ വിവാദമാക്കുകയും ചെയ്തു.
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് എന്നത് അപ്രായോഗികമായിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് ശരിയായിരുന്നുവെങ്കിലും പകരം സവിധാനമായ വീട്ടില്‍ തന്നെ ക്വാറന്റൈന് എന്നത് കൂടുതല്‍ മുന്നൊരുക്കത്തോടുകൂടി ചെയ്യേണ്ടതായിരുന്നു.
പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളില്‍. ഇതാണ് ശരാശരി പത്ത് പഞ്ചായത്തുകള്‍ വരെ സമ്പൂര്‍ണമായി അടച്ചിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്. ഇതിലാകട്ടെ മിക്കതും വിദേശത്തുനിന്ന് എത്തിയവരും അവരുമായി പലവിധത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതു കൊണ്ടും ആയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ആയിരം കടക്കുമെന്ന് ഐഎംഎ ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യ സംഘടനകള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത് ഇന്നലെ അനുഭവത്തില്‍ വരികയും ചെയ്തു.
സമൂഹ വ്യാപനം എന്നത് നടന്നു കഴിഞ്ഞതായും ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു. എന്തായാലും ക്വാറന്റൈന് സംവിധാനത്തെ മാത്രം ആശ്രയിച്ച മഹാമാരിയെ നേരിടാന്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് ഇതിലൂടെ ബോധ്യപ്പെട്ടതായും ഇവര്‍ പറയുന്നു.