ചാത്തന്നൂർ: ലോക്ക്ഡൗൺ ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടിൽ പതിവായ് വന്നു കൊണ്ടിരുന്ന തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹി യായ അഭിഭാഷകനെ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കി.
വർക്കല സ്വദേശിയായ ഇയാൾ കാറിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള ചാത്തന്നൂരിലെ വീട്ടിലെത്തിയിരുന്നത്.പതിവായി ഇയാൾ വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ജില്ലാ കളക്ടറെ അറിയിച്ചു. കളക്ടർ വിവരം ചാത്തന്നൂർ പോലീസിന് കൈമാറി.
പതിവുപോലെ ഇന്നലെ ഇയാൾ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ വിവരം പോലീസിലറിയിച്ചു.പോലീസെത്തി ഇയാളെ പിടികൂടി. ആരോഗ്യവകുപ്പ് പ്രവർത്തകരെത്തി ഇയാൾ ഈ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു.
ഇയാളെ നിരീക്ഷിക്കാൻ ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ഭർത്താവ് അമ്മാവന്റെ മരണത്തെ തുടർന്ന് കോട്ടയത്തുള്ള വീട്ടിൽ പോയിരിക്കുകയായിരുന്നു.
അദ്ദേഹവും അവിടെ നിരീക്ഷണത്തിലാണ്. അഭിഭാഷകനെ യുവതിയുടെ വീട്ടിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോൺ പറഞ്ഞു.