കോട്ടയം: വീട്ടിലും പറന്പിലുമുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കിതാ സുവർണാവസരം. ഇന്നും നാളെയും നടക്കുന്ന സംസ്ഥാനതല ശുചീകരണ യജ്ഞത്തിലൂടെ ഉപയോഗ ശൂന്യമായ എല്ലാ വസ്തുക്കളും വീട്ടിൽ നിന്ന് ഒഴിവാക്കാം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തരംതിരിച്ച് സൂക്ഷിക്കുന്ന എട്ടിനം അജൈവ മാലിന്യങ്ങൾ അതതു മേഖലകളിലെ കളക്ഷൻ കേന്ദ്രങ്ങളിലാണ് എത്തിക്കേണ്ടത്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ (ക്യാരി ബാഗുകൾ, പായ്ക്കിംഗ് കവറുകൾ, കട്ടി കുറഞ്ഞ മറ്റു പ്ലാസ്റ്റിക്കുകൾ) കട്ടി കൂടിയ പ്ലാസ്റ്റിക് വസ്തുക്കൾ (കസേര, പാത്രങ്ങൾ മുതലായവ) വസ്ത്രങ്ങൾ (തുണികൊണ്ടുളള മറ്റു വസ്തുക്കൾ) കുപ്പിച്ചില്ല്, ചെരുപ്പ്, ബാഗ്, ലെതർ വസ്തുക്കൾ, സിഎഫ്എൽ, ട്യൂബ് ലൈറ്റുകൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിങ്ങനെയാണു മാലിന്യങ്ങൾ തരം തിരിക്കേണ്ടത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളാണു പ്രാദേശികതലത്തിൽ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകുക. ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, നാഷണൽ സർവീസ് സ്കീം, എസ്പിസി, കുടുംബശ്രീ-തൊഴിലുറപ്പ് പ്രവർത്തകർ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാകും ശുചീകരണം. മാലിന്യങ്ങൾ എത്തിക്കേണ്ട സ്ഥലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളെ മുൻകൂട്ടി അറിയിക്കും.
പരിപാടിയിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കന്പനിക്ക് കൈമാറും. വീടുകളിലും കടകളിലും സൂക്ഷിച്ചിട്ടുളളതും പൊതുസ്ഥലങ്ങളിലും പറന്പുകളിലും ഉപേക്ഷിച്ചിട്ടുള്ളതുമായ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും നാടിനെ മാലിന്യ മുക്തമാക്കുന്നതിനുമുളള യജ്ഞത്തിൽ എല്ലാ വിഭാഗം ആളുകളും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.