സിനിമയെ സിനിമ തോൽപ്പിക്കുമോയെന്ന ചോദ്യത്തിന് സാറാസിനെ ഹോം തോൽപ്പിച്ചു എന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ.
ഒരേ വർഷം മാസങ്ങളുടെ ഇടവേളയിൽ ഒടിടി പ്ലാറ്റ് ഫോമിലുടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളാണ് ഇവ രണ്ടും.
ഒടിടി പ്ലാറ്റ് ഫോമിലൂടെ ആദ്യം പ്രേക്ഷകർക്ക് അരികിലേക്ക് എത്തിയത് സാറാസാണ്. വന്നിറങ്ങിയ പുറകെ വിവാദങ്ങളുടെ തോഴിയാവുകയും ചെയ്തു സാറാസ്.
ചിത്രത്തിന്റെ പ്രമേയം തന്നെയാണ് വിവാദ കളത്തിലേക്ക് സാറാസിനെ കൊണ്ടെത്തിച്ചത്.
ചിത്രം സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫ് സോഷ്യൽ മീഡിയയിൽ നിന്നും പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് ഇടയിൽ നിന്നും നല്ല ചീത്തപ്പേര് സന്പാദിച്ചുവെന്ന് പറയാം.
ഗർഭഛിദ്രത്തെ അനുകൂലിച്ച് സിനിമയെടുത്തു എന്നുള്ളതാണ് പ്രേക്ഷക സമൂഹത്തിലെ ഒരുപക്ഷം സംവിധായകന്റെ മേൽ ചാർത്തിയ കുറ്റം.
ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ സംവിധായകന് പിന്തുണയുമായി എത്തിയതോടെ സാറാസ് വിവാദ ചർച്ചകളിലേക്ക് വഴിമാറി.
പതിയെ ചിത്രം എല്ലാവരുടെയും വീടുകളിലേക്ക് സ്ഥാനം പിടിച്ചു. കാണാത്തവർ ഇതിലെ വിവാദം എന്താണെന്ന് അറിയാൻ ഡൗൺലോഡ് ചെയ്തപ്പോൾ ഒരു പരിധിവരെ വിജയിച്ചത് സംവിധായകൻ തന്നെയാണ്. കാരണം കക്ഷി കൊണ്ടുവന്ന സാധനം വിപണിയിൽ വിറ്റുപോയി.
ഈ വിഷയം ഒന്ന് കെട്ടടങ്ങി നിൽക്കുന്പോളാണ് ഹോമിന്റെ വരവ്. ഒരു കുടുംബം എങ്ങനെയൊക്കെ ആയിരിക്കണമെന്ന് ഓരോ വീട്ടിലും നടന്നുകൊണ്ടിരിക്കുന്ന കൊച്ച് കൊച്ച് സംഭവങ്ങളെ കോർത്തിണക്കി സംവിധായകൻ റോജിൻ തോമസ് പ്രേക്ഷകസമക്ഷം എത്തിച്ചപ്പോൾ എല്ലാവരും ഒരേ സമയം പറഞ്ഞു “ഇത് ഞങ്ങളുടെ വീട്’ ഇത് ഞങ്ങളുടെ വീട് തന്നെയെന്ന്… ഈ പറച്ചിലിന് പക്ഷംപിടിത്തമൊന്നുമില്ലായെന്നുള്ളതാണ് വസ്തുത.
ഈ ഒരൊറ്റ പറച്ചിലാണ് സാറാസിന് ഇപ്പോൾ വിനയായിരിക്കുന്നത്. കുട്ടികളുണ്ടായാൽ കരിയർ തകരുമെന്ന് സാറാ (അന്ന ബെൻ) കരുതുന്നിടത്താണ് സാറാസിന്റെ തുടക്കം .
എന്നാൽ കുട്ടികളുണ്ടായാലെ കുടുംബം എന്ന വാക്കിന് മഹത്വമുണ്ടാകുവെന്ന് കുട്ടിയമ്മ (മഞ്ജു പിള്ള)യിലൂടെയും ഒലിവർ ട്വിസ്റ്റി (ഇന്ദ്രൻസ്) ലൂടെയും ഹോമിന്റെ സംവിധായകൻ റോജിൻ പറയാതെ പറയുന്നു.
കുട്ടികളുണ്ടായാലുള്ള രസവും രസക്കേടുമെല്ലാം മറ്റ് കഥാപാത്രങ്ങളിലൂടെ സാറാസിൽ കാണിച്ച് പോകുന്നുണ്ടെങ്കിലും കുട്ടികളുണ്ടായാൽ തന്റെ സ്വപ്നം സാഫല്യത്തിലെത്തില്ലായെന്നുള്ള നായികയുടെ ചിന്തയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ ചിന്തിക്കുന്നവർ ഇല്ലായെന്നല്ല, എന്നാൽ അതൊരു തെറ്റായ ധാരണയല്ലേയെന്നുള്ളതാണ് ബഹുഭൂരിപക്ഷവും ഉന്നയിച്ച ചോദ്യം.
എന്നാൽ താൻ സ്ത്രീകൾക്കൊപ്പം നിൽക്കുന്നുവെന്നും അവർക്കും അവരുടേതായ അവകാശങ്ങളുണ്ടെന്നും സ്വാതന്ത്ര്യമുണ്ടെന്നും കല്യാണം കഴിഞ്ഞാൽ തന്റെ ശരീരത്തിന് മാറ്റങ്ങളുണ്ടാകണോ വേണ്ടയോ എന്ന തീരുമാനം സ്ത്രീകളുടേത് മാത്രമാണെന്നും സംവിധായകൻ വാദിക്കുന്പോൾ ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ മറ്റ് പല മാർഗങ്ങളുമുണ്ടെന്നുള്ള കാര്യം കക്ഷി മനഃപൂർവം മറക്കുന്നിടത്താണ് ചിത്രത്തെ തെറ്റായ വഴിയിലൂടെയല്ലേ സംവിധായകൻ കൊണ്ടുപോയതെന്നുള്ള ചോദ്യം ഉയരുന്നത്.
മാതാപിതാക്കളും മക്കളും എന്നു പറയുന്പോൾ തന്നെ മുതിർന്നവർ ചെറിയവർ എന്നുള്ള “ഗ്യാപ്പ്’ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
എന്നാൽ ഈ ഗ്യാപ്പിന്റെ ആവശ്യമില്ലെന്ന് “ഹോം’ പറയുന്പോൾ തന്നെ അനുഭവ സന്പത്തിന്റെ കാര്യത്തിൽ എല്ലാ മാതാപിതാക്കളും എക്സ്ട്രാ ഓർഡിനറിയാണെന്ന് കൂടി കാട്ടിത്തരുന്നുണ്ട്.
സാറാസിൽ സാറയുടെ അച്ഛനും അമ്മയും മകളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്പോൾ മാതാപിതാക്കളുടെ ആഗ്രഹം എന്താണെന്ന് ചിന്തിക്കാനുള്ള മനസ് മകൾ കാണിക്കുന്നില്ല.
അവളുടെ സ്വപ്നത്തിനൊപ്പം പോയ മാതാപിതാക്കളുടെ ആഗ്രഹം ചവറ്റുകുട്ടയിൽ പോയി വീഴുന്നുവെന്നത് കൂടി കാണേണ്ടതുണ്ട്.
ഓർഡിനറിയായ അച്ഛനെ വേണ്ടത്ര മതിപ്പ് നൽകാത്ത മകനായാണ് ശ്രീനാഥ് ഭാസി ഹോമിൽ പ്രത്യക്ഷപ്പെടുന്നത്.
താൻ ഓർഡിനറിയല്ല എക്സ്ട്രാ ഓർഡിനറിയായ അച്ഛനാണെന്ന് ഇന്ദ്രൻസ് ഒരു കഥയിലൂടെ മകനോട് സമർഥിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് മനസിലാക്കാൻ മകൻ ഒരുപാട് സമയം എടുക്കുന്നുണ്ട്.
എങ്കിലും ആ അച്ഛൻ മകൻ ബന്ധം നൂൽപ്പാലത്തിലൂടെ താളം തെറ്റാതെ മുന്നോട്ട് പോകുന്നുണ്ട്.
ഒരു കുടുംബത്തിന്റെ സന്തുലിതാസ്ഥ നിലനിർത്താൻ അമ്മ എത്രത്തോളം പ്രയത്നിക്കുന്നുണ്ടെന്നുള്ള കാര്യം അധിക സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ മഞ്ജു പിള്ള കുട്ടിയമ്മയായി ചിത്രത്തിലുടനീളം കാട്ടിത്തരുന്നുണ്ട്.
സാറാസിൽ സംവിധായകൻ മനഃപൂർവം മറന്നുപോയ കാര്യങ്ങൾ ഹോം സംവിധായകൻ അറിയാതെയാണെങ്കിലും കാട്ടിത്തരുന്നുണ്ട്.
സിനിമകൾ തമ്മിലുള്ള നേരിട്ടുള്ള യുദ്ധമല്ലെങ്കിലും ഈ രണ്ട് ചിത്രങ്ങളും ഒരുപാട് കാര്യങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്.
അതിനെ ചെറുതായൊന്ന് വേർതിരിച്ചാൽ സാറാസ് കുടുംബം (കുട്ടികൾ) ഉണ്ടായാൽ സ്ത്രീകളുടെ സ്വപ്നമെല്ലാം അതോടെ തീർന്നുവെന്ന് പറഞ്ഞുവയ്ക്കുന്പോൾ ഹോം കുടുംബമാണ് പ്രധാനം അതിലൂടെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമെന്നും കാണിച്ചു തരുന്നു.
നല്ലതിനെ സ്വീകരിക്കാനും അല്ലാത്തതിനെ ഉൾകൊള്ളാനും കെൽപ്പുള്ള പ്രേക്ഷക സമൂഹം അതുകൊണ്ട് തന്നെയാണ് സാറാസിനെ പൂർണമായി സ്വീകരിക്കാൻ മടിച്ചതും ഹോമിനെ പൂർണമായും സ്വീകരിക്കുകയും ചെയ്തത്.
ഓരോ സിനിമയും നമ്മളോട് ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നുണ്ട്. ചില സിനിമകൾ നമ്മൾ കണ്ടു മറന്നു പോകുന്പോൾ മറ്റ് ചില സിനിമകൾ നമ്മൾ നെഞ്ചോടു ചേർക്കും.
സാറാസ് നമ്മൾ കണ്ടു മറക്കുന്പോൾ ഹോം ഓരോരുത്തരുടെയും മനസിലേക്ക് താനെ ചെക്കേറുകയാണ്.
കുടുംബത്തെ രണ്ട് വീക്ഷണ കോണുകളിൽ നിന്നും രണ്ട് സംവിധായകർ കണ്ടപ്പോൾ ഫലം ഒന്നല്ലായിരുന്നു. സാറാസിനെ പലരും തള്ളി പറഞ്ഞപ്പോൾ ഹോമിനെ ഏവരും ഒരുപോലെ സ്വീകരിച്ചു.
നല്ല ചിന്തകൾ എല്ലായിടത്തും ഒരു പോലെ സ്വീകരിക്കപ്പെടുമെന്നുള്ളതിന്റെ ഉദാഹരണമാണ് ഹോമിന്റെ വിജയം.