കായംകുളം : വാഹനാപകടത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിനെ നെഞ്ചോടുചേർത്ത് താരാട്ടുപാടി സാന്ത്വനം പകർന്ന ഹോം ഗാർഡിന്റെ നന്മ നിറഞ്ഞ പ്രവർത്തനം സമൂഹ മാധ്യമങ്ങളിൽ വൈറാലായി.
കായംകുളം താലൂക്കാശുപത്രിയിലെ ഹോം ഗാർഡ് കെ.എസ്. സുരേഷാണ് വാഹനാപകടത്തിൽ അദ്ഭുതകരമായി രക്ഷപ്പെട്ട് കായംകുളം താലൂക്കാശുപത്രിയിലെത്തിച്ച ഇസ മരിയ ഡെന്നി എന്ന പിഞ്ചുകുഞ്ഞിന് സാന്ത്വനം പകർന്നത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഹോം ഗാർഡിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ ദേശീയപാതയിൽ കായംകുളം രാമപുരം ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ കാർ ഇടിച്ചുകയറിയായിരുന്നു അപകടം.
ഒന്നുമറിയാതെ അവൾ…
അപകടത്തിൽ തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ ഒന്നരവയസുകാരി മകൾ സൈറ മരിയ ഡെന്നി മരിച്ചിരുന്നു.
കാറിൽ സഞ്ചരിച്ച ഡെന്നിയുടെ ഭാര്യ മിന്ന,സഹോദരൻ മിഥുൻ, ഭാര്യ ലക്ഷ്മി മാതാവ് ആനി, എന്നിവർക്ക് പരിക്കേറ്റു.
ഡെന്നിയുടെ ഇളയമകൾ ഇസ മരിയ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ആംബുലൻസ് മാർഗം കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചു.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടയിൽ ജേഷ്ഠത്തി മരിച്ചതോ സംഭവിച്ചത് എന്തെന്നോ അറിയാതെ ആശുപത്രിയിൽ വാവിട്ടുകരഞ്ഞ ഏഴുമാസം പ്രായമുള്ള ഇസ മരിയയെ ഉടൻ തന്നെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് സുരേഷ് എടുക്കുകയും നെഞ്ചോടുചേർത്ത് താരാട്ടുപാടി ഉറക്കി സാന്ത്വന മാവുകയുമായിരുന്നു.
മണിക്കൂറുകളോളം കുഞ്ഞിന്റെ സംരക്ഷണം ഹോം ഗാർഡിന്റെ കരങ്ങളിൽ ആയിരുന്നു. പിന്നീട് ബന്ധുക്കൾ എത്തിയപ്പോൾ കുഞ്ഞിനെ കൈമാറി.
ആശുപത്രിയിൽ ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകർ ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് ഈ നന്മ നിറഞ്ഞ പ്രവർത്തനം വൈറലായത്.