തലശേരി: കണ്ണൂരിലെ ജനപ്രിയനായ ഹോംഗാർഡ് മാധവനെ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറഞ്ഞവർ ആരാണെന്ന ചോദ്യത്തിന് ഉത്തരംതേടി പോലീസ്. മാധവനെ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധു അസഭ്യം പറഞ്ഞുവെന്ന പ്രചാരണം നവമാധ്യമങ്ങളിലുൾപ്പെടെ കത്തിക്കയറിയതോടെയാണു പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളാരും മാധവനെ അസഭ്യം പറഞ്ഞിട്ടില്ലെന്നു വ്യക്തമായി. എന്നാൽ മൂന്നുമാസം മുന്പ് ഭരണകക്ഷിയിലെ കണ്ണൂർ ജില്ലയിലെ പ്രമുഖനായ യുവജനനേതാവ് മാധവനെ മേലെചൊവ്വയിലെ നടുറോഡിൽ വച്ച് അസഭ്യം പറഞ്ഞതായുള്ള റിപ്പോർട്ടാണു പുറത്തുവന്നത്.
എന്നാൽ ഇതുസംബന്ധിച്ച് മാധവൻ പോലീസിൽ പരാതിയൊന്നും നല്കിയിട്ടില്ല. അതേസമയം മേലെചൊവ്വയിലൂടെ വാഹനത്തിൽ വരികയായിരുന്ന തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് മാധവൻ അസഭ്യം പറഞ്ഞതായി ചൂണ്ടിക്കാട്ടി ഈ നേതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മാധവന്റെ ആത്മാർഥതയും പൊതുസമ്മതിയും കണക്കിലെടുത്താണ് യുവജന നേതാവിന്റെ പരാതിയിൽ മാധവനെതിരേ നടപടിയെടുക്കാതിരുന്നതെന്ന് ഡിവൈഎസ്പി പി.പി. സദാനന്ദൻ പറഞ്ഞു. ഇതിനിടെ തലശേരിയിലെ പ്രമുഖ കോളജിലെ അധ്യാപകനുമായും വാക്ക്തർക്കമുണ്ടായതായി പറയുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധു അസഭ്യം പറഞ്ഞതിനെത്തുടർന്ന് ജോലി അവസാനിപ്പിക്കുകയാണെന്ന പ്രചാരണം ശക്തമായതിനെത്തുടർന്നാണ് മാധവനിൽനിന്നു ഡിവൈഎസ്പി വിവരങ്ങൾ ശേഖരിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളാരും തന്നെ അസഭ്യം പറഞ്ഞിട്ടില്ലെന്ന് മാധവൻ ഡിവൈഎസ്പിയോട് പറഞ്ഞു. ഭരണകക്ഷിയിലെ ഒരു യുവജനനേതാവ് തന്നെ അസഭ്യം പറഞ്ഞതായി മാധവൻ ഡിവൈഎസ്പിയോടു പറയുകയും ചെയ്തു. അതേസമയം ഈ സംഭവത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പിട്ട യുവാവിനോട് വിശദീകരണം തേടുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർ പോലും മാധവേട്ടൻ എന്നു വിളിക്കാറുള്ള ഹോംഗാർഡ് മാധവനെ അസഭ്യം പറഞ്ഞുവെന്ന പ്രചാരണം നവമാധ്യമങ്ങളിൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധു അസഭ്യം മാധവനെ അസഭ്യം പറഞ്ഞുവെന്ന പ്രചാരണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിട്ടുണ്ട്.