കൂത്തുപറമ്പ്: ഭവനരഹിതർക്ക് സ്വപ്നഭവനം എന്നപേരിൽ വീട് നിർമിച്ചുനൽകാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായി പരാതി.
കണ്ണവത്തെ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരേയാണ് പരാതി. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് ഇന്നലെ പരാതിയുമായി കണ്ണവത്തെത്തിയത്.
ഇവരെല്ലാവരും ചേർന്ന് ഒപ്പിട്ട പരാതി കണ്ണവം പോലീസ് സ്റ്റേഷനിൽ നൽകുകയായിരുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട്, കുടക്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായാണ് പരാതി.
സ്വപ്നഭവനം എന്നപേരിൽ 4444 പേർക്ക് 4444 രൂപവീതം വാങ്ങി നാല് സെന്റ് സ്ഥലവും ഓരോ കുടുംബത്തിന്റെയും പ്ലാൻ അനുസരിച്ച് 10 ലക്ഷം രൂപ വരെ ചെലവുവരുന്ന വീടും നിർമിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം.
ആത്മീയ സംഘാടകസമിതിയുടെ പേരിലായിരുന്നു പദ്ധതിയുടെ പ്രചരണത്തിനായി നോട്ടീസുകളും വാർത്താക്കുറിപ്പുകളും തയാറാക്കിയിരുന്നത്.
പദ്ധതിയെക്കുറിച്ച് അറിഞ്ഞവർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിലെത്തി പണവും അപേക്ഷയും നൽകുകയായിരുന്നു. പണം നൽകിയവർക്ക് രസീതും നൽകിയിരുന്നു.
ഘട്ടംഘട്ടമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 63 പേർക്കുവീതം വീട് നിർമിച്ചുനൽകുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ പണം വാങ്ങി ഒന്നര വർഷമായിട്ടും വീട് ലഭിക്കാത്തതിനെത്തുടർന്ന് ഫോൺ വിളിച്ചാൽ കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പണം നൽകിയവർ പരാതിയുമായെത്തിയത്.
പദ്ധതിക്കായി നേരത്തെ ഉണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മാസങ്ങളായി യാതൊരു പ്രതികരണവും ഇല്ലാത്തതിനെ തുടർന്ന് പണം നൽകിയവർ മറ്റൊരു ഗ്രൂപ്പുണ്ടാക്കി സംഘടിക്കുകയായിരുന്നു.
കൂടുതൽ പേർ വഞ്ചിക്കപ്പെട്ടതായാണ് വിവരം. ഇവർ വരുംദിവസങ്ങളിൽ പരാതി നൽകുമെന്നും സൂചനയുണ്ട്.