കോട്ടയം: മധ്യകേരളത്തിൽ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിൽപ്പെട്ട ഒരു സ്ത്രീയെ കൂടി പോലീസ് സംഘം തിരിച്ചറിഞ്ഞു. ഹോം നഴ്സായി ജോലി ചെയ്യുന്ന കൊല്ലം ജില്ലക്കാരിയായ സ്ത്രീയേയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലം ജില്ലയിലെ ഇവരുടെ കൃത്യമായ മേൽവിലാസത്തിൽ പോലീസ് എത്തിയെങ്കിലും നാളുകളായി സ്ത്രീ ഇവിടെയെത്താറില്ലെന്ന വിവരമാണ് ലഭിച്ചത്.
പോലീസ് സംഘം ഇവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇവർ മുങ്ങിയതായാണ് സൂചന. ഇവർ ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ലഭിച്ച ഫോട്ടോ ഉപയോഗിച്ചാണ് പോലീസിനു കൃത്യമായ മേൽവിലാസം കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്.
ഫോട്ടോ കാണിച്ചു ചിലരോട് വിവരങ്ങൾ തിരക്കിയപ്പോൾ ഇവരുടെ പേര് മിനുവെന്നും മറ്റുചിലർ ഇവരുടെ പേര് നീനുവെന്നുമാണ് പോലീസിനോട് പറഞ്ഞത്.
ഇതോടെ വിവിധ സ്ഥലങ്ങളിലായി ഇവർ മിനു, നീനു എന്നിങ്ങനെ രണ്ടു പേരുകളിലാണ് അറിയപ്പെടുന്നതെന്ന് പോലീസിനു ബോധ്യമായി.
കൊച്ചിയിൽ താമസിച്ചു തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കരുണാകരൻ, ഗോപാലൻ അങ്കിളുമാരുമായിട്ടും ഇവർക്കു നിയമ സഹായം നല്കുന്ന ആലപ്പുഴ സ്വദേശിയായ അഭിഭാഷകനുമായിട്ടും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അങ്കിളുമാർ പല ഹണിട്രാപ്പ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്കു ഈ സ്ത്രീയേയാണ് ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി വീടുകളിൽ ഇവർ ഹോം നഴ്സായി ജോലി ചെയ്തിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചു.
മിനു, നീനു എന്നി പേരുകൾക്കു പുറമേ മറ്റു ചില പേരുകളിൽ കൂടി ഇവർ അറിയപ്പെടുന്നുണ്ട്. ഇവരുടെ കയ്യിലും വിവിധ പേരിലും മേൽവിലാസത്തിലുമുള്ള തിരിച്ചറിയൽ കാർഡുകളുള്ളതായി പോലീസിനു സൂചനയുണ്ട്.
ഇവർ നാളുകൾക്കു മുന്പു ജോലി ചെയ്തിരുന്ന ഒരു വീട്ടിൽ നിന്നും മറ്റൊരു പേരിലുള്ള തിരിച്ചറിയൽ കാർഡും ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇവർ ചില ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ നിരവധി വിവാഹ തട്ടിപ്പുകളും ഹണിട്രാപ്പ് തട്ടിപ്പുകളും നടത്തിയതായും പോലീസ് പറയുന്നു.
മാനഹാനി ഭയന്ന് ഇത്തരം സംഭവങ്ങൾ പുറത്തു പറയാനോ കേസു കൊടുക്കാനോ ആരും തയാറായിട്ടില്ല. ഇവരുടെ പേരിൽ കൊല്ലം ജില്ലയിലെ ചില സ്റ്റേഷനുകളിൽ പരാതിയുണ്ട്.
ഏതെങ്കിലും സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന അങ്കിളുമാരുടെ കൊല്ലം ജില്ലയിലുള്ള വിശ്വസ്തയാണ് ഇവരെന്നാണ് പോലീസിന്റെ നിഗമനം.
കോട്ടയം മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിൽ എത്തിയിരുന്ന വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാനായി ഫോട്ടോയെടുക്കാനെത്തിയ യുവതി ഇവരാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അങ്കിളുമാരും അഭിഭാഷകനുമായി നിരന്തരം ബന്ധം പുലർത്തുന്ന ആലപ്പുഴ, ഇടുക്കി, കോതമംഗലം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലുള്ള സ്ത്രീകളെയും ഗുണ്ടാ സംഘത്തിൽപെട്ടവരെയും പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നാളുകൾക്കു മുന്പു വരെ അങ്കിളുമാർ ഹണിട്രാപ്പിൽപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും ചില ക്വട്ടേഷനുകൾക്കും ഒരു സംഘത്തെയാണ് ഉപയോഗിച്ചിരുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ടു ഈ സംഘത്തിലെ ചിലർ പോലീസ് പിടിയിലായതോടെയാണ് അങ്കിളുമാർ മറ്റ് സംഘങ്ങളുടെ സഹായം തേടി തുടങ്ങിയത്.
ഇത്തരത്തിൽ മറ്റു ക്വട്ടേഷൻ സംഘങ്ങളെ അങ്കിളുമാരുമായിട്ടു ബന്ധപ്പെടുത്തിയതു വിവിധ ജില്ലകളിലുള്ള തട്ടിപ്പ് സംഘത്തിലെ സ്ത്രീകളാണ്.
ഇതോടെ അതാതു ജില്ലകളുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കു അങ്കിളുമാരുടെ നിർദേശ പ്രകാരം പ്രാദേശിക ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ഈ സാഹചര്യത്തിലാണ് കോട്ടയത്ത് ഹണിട്രാപ്പ് തട്ടിപ്പ് നടത്തുന്നതിനു കോട്ടയത്തെ പ്രമുഖ ഗുണ്ടയെ കൂടെക്കൂട്ടിയത്. തട്ടിപ്പ് സംഘങ്ങൾക്കു വേണ്ടി അന്വേഷണം പുരോഗമിക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.