പാലപ്പെട്ടി: ഷുഗർ ബാധിച്ച് കാഴ്ച്ച നഷ്ടപ്പെട്ടസന്തോഷിനും കുടുംബത്തിനും ഇനി മനസു തുറന്നു സന്തോഷിക്കാം, പുതിയ ഭവനം സമ്മാനിക്കാൻ ഉമ്മൻ ചാണ്ടിയെത്തും.
പാലപ്പെട്ടി വളവിനു പടിഞ്ഞാറുഭാഗം കൊയലാണ്ടി സെന്ററിൽ താമസിക്കുന്ന കിളിയന്തറ സന്തോഷിനാണ് അടച്ചുറപ്പുള്ള മികച്ച ഭവനമൊരുങ്ങിയത്.
സന്തോഷിന്റെ ബുദ്ധിമുട്ട് മനസിലാക്കി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശോഭ സുബിനും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ 50-ാമത് നിയമസഭ വാർഷികത്തിന്റെ ഭാഗമായി കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു.
മകളുടെ വിദ്യഭ്യാസവും, സന്തോഷിന്റെ ചികിത്സാചെലവും ഉൾപ്പെടെ കുടുംബത്തെ മുഴുവനുമായും ഏറ്റെടുക്കുകയാണ് ചെയ്തത്.
വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും പാത്രങ്ങളും കിടക്കയും, ടിവിയും, മേശയും എല്ലാം വീട്ടിലേക്കു എത്തിച്ചിട്ടുണ്ട്.
സന്തോഷിനും കുടുംബത്തിനും ഉള്ള പുതുവസ്ത്രങ്ങളും നാളെ കൈമാറും, വൈകീട്ട് മൂന്നുമണിക്ക് പുതിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കാൻ ഉമ്മൻ ചാണ്ടി എത്തും. രാഷ്ട്രീയ, പൊതുപ്രവർത്തന മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
ഉമ്മൻ ചാണ്ടിയുടെ 50-ാം നിയമസഭ വാർഷികങ്ങളുടെ ഭാഗമായി ഇത്തരത്തിൽ ഒരു സത് പ്രവർത്തി ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു ശോഭ സുബിൻ പറഞ്ഞു.
ശോഭ സുബിൻ നേതൃത്വം നൽകുന്ന തണൽ പദ്ധതി മുഖേനയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സന്തോഷിന്റെ മകളുടെ വിവാഹം തീരുമാനിച്ചാൽ വിവാഹത്തിനു വരുന്ന ചിലവുകളും ഏറ്റെടുക്കുമെന്ന് ശോഭ സുബിൻ പറഞ്ഞു.
മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ, ടി.എൻ. പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.ജെ. സനീഷ്കുമാർ എംഎൽഎ എന്നിവരും സംബന്ധിക്കും.