ഇരിട്ടി: കുന്നോത്ത് ആദിവാസി കുടുംബത്തിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയതായി പരാതി. സമീപത്ത് തുടങ്ങാനിരിക്കുന്ന ക്രഷറിന് അനുമതി ലഭിക്കാൻ വീട് തടസമാകുമെന്ന കാരണത്താൽ വീട് തകർത്തതാണെന്ന് വീട്ടുകാരും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പായം പഞ്ചായത്തിലെ കുന്നോത്തുള്ള ജാനുവിന്റെ വീടാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. സർക്കാർ നിർമിച്ചു നല്കിയ വീടാണിത്. ജനുവരി 22നാണ് ജാനുവിന്റെ വീട് പൊളിച്ചുനീക്കിയത്.
ജാനുവിന്റെ ബന്ധുക്കളായ പവിത്രൻ, മിനി, അച്യുതൻ, ജാനുവിനെ പരിചരിച്ചിരുന്ന വാസന്തി എന്നിവർ പോലീസിലും പായം പഞ്ചായത്തിലും ട്രൈബൽ ഓഫീസിലും പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു.
ആദിവാസി കുടുംബത്തിന്റെ വീട് പൊളിച്ചു നീക്കിയവർക്കെതിരെ കർശന നിയമനടപടികൾ വേണമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് ശങ്കരൻ തില്ലങ്കേരി, സെക്രട്ടറി സുമേഷ് കോളാരി, സുശാന്ത് നരിക്കോടൻ, വീടിന്റെ അവകാശികളായ മിനി പവിത്രൻ, അച്യുതൻ, സുധാകരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ക്രഷർ തുടങ്ങുന്നതിന് നേരത്തെ തന്നെ അനുമതി ലഭിച്ചതാണെന്നും വീട് പൊളിച്ചതുമായി ഒരു ബന്ധവുമില്ലെന്നും ക്രഷർ ഉടമകൾ പറഞ്ഞു.