കോട്ടയം: തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കുന്ന കൊച്ചിയിലെ അങ്കിളുമാരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം പോലീസ് ഇവരെ ചോദ്യം ചെയ്തിട്ടും ഹണിട്രാപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ ദുരൂഹത നിലനില്ക്കുന്നതിനാലാണ് അങ്കിളുമാരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഹണിട്രാപ്പ് ഉൾപ്പെടെ വൻ തട്ടിപ്പുകളാണ് ഇവരുടെ ഒത്താശയോടെ നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.
കോട്ടയത്തും പരിസര പ്രദേശങ്ങളിലും വിവാഹ തട്ടിപ്പിനു നേതൃത്വം നല്കിയിരുന്ന യുവതി കറങ്ങിയിരുന്നത് ആഡംബര കാറുകളിലായിരുന്നു. പലപ്പോഴും പല കാറുകളിലായിരുന്നു യാത്ര.
ഈ കാറുകൾ അങ്കിളുമാരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് കൊച്ചിയിലെത്തി പോലീസ് അങ്കിളുമാരെ ചോദ്യം ചെയ്തത്.
അങ്കിളുമാരുടെ അടുത്ത സഹായികളായി എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ള സഹായികളെക്കുറിച്ചും പോലീസിനു വിവരം ലഭിക്കുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
നാളുകൾക്കു മുന്പ് എറണാകുളത്ത് ഒരു വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്ത് തട്ടിപ്പിനു നേതൃത്വം നല്കിയിരുന്ന യുവതി അവിടെ വച്ച് വ്യാജ മേൽവിലാസത്തിൽ ഒരു ആധാർ കാർഡ് സ്വന്തമാക്കി.
ഇത്തരത്തിൽ യുവതിക്കു ആധാർ കാർഡ് എടുക്കാൻ ശിപാർശ ചെയ്തത് ഒരു എംഎൽഎയാണെന്നും പോലീസിനു വിവരം ലഭിച്ചു.
ഹോം നഴ്സായി ജോലി ചെയ്യുന്ന വീടുകളിലെല്ലാം മാന്യമായ പെരുമാറ്റം കൊണ്ടും സ്വന്തം വീട്ടിലെ ബുദ്ധിമുട്ടുകൾ പറഞ്ഞും യുവതി ഏവരുടെയും പ്രീതി സന്പാദിച്ചിരുന്നു.
ഈ വീടുകളിൽ എത്തിയിരുന്ന ബന്ധുക്കളെയും ഹണിട്രാപ്പ് ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ യുവതി വീഴ്ത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇവർ ഹോം നഴ്സിംഗ് ജോലികൾക്കു പോകാറില്ലെന്നും പോലീസ് പറഞ്ഞു.
നാളുകൾക്ക് മുന്പു അങ്കിളുമാർ നിയന്ത്രിക്കുന്ന സംഘത്തിന്റെ ഹണിട്രാപ്പ് കേസിൽ ഉൾപ്പെട്ട് പണം നഷ്ടമായ തിരുവനന്തപുരം സ്വദേശിയെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും.
ഇയാളോട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് നിർദേശം നല്കിയിട്ടുണ്ട്. പല ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ ഉൾപ്പെടെ കാണിച്ചായിരിക്കും ചോദ്യം ചെയ്യുന്നത്.
നിരവധി ഹണിട്രാപ്പ് സംഘത്തെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ പൂർണമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടില്ല.
പോലീസിന്റെ പക്കലുള്ളവരുടെ ചിത്രങ്ങൾ തിരുവനന്തപുരം സ്വദേശിക്കു തിരിച്ചറിയാനായാൽ തുടരന്വേഷണം നടത്താൻ പോലീസിനു സഹായകമാകും.