സ്വന്തം ലേഖകൻ
തൃശൂർ: ആരോഗ്യ വകുപ്പിനു കിഴിലുള്ള ഹോമിയോ ആശുപത്രികളിൽ 399 താത്കാലിക ഡോക്ടർമാർക്ക് ’സ്ഥിരം’ നിയമനം. വഴിവിട്ട നിയമനത്തിനു പിറകിൽ കോഴ ആരോപണവുമുണ്ട്.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കു ജോലിക്കു നിയമിച്ച് ഒരു വർഷം പൂർത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തേക്കു പിരിച്ചുവിട്ട് പിറ്റേന്നു പുനർനിയമനം നൽകുന്ന രീതിയാണ് ഹോമിയോ ആശുപത്രികളിൽ തുടരുന്നത്.
ഇങ്ങനെ പത്തു വർഷംവരെ നിയമം നീട്ടിക്കിട്ടിയവരുണ്ട്. കഴിഞ്ഞ ഏഴു വർഷമായി നിയമനം നീട്ടിക്കിട്ടിയവരുടെ എണ്ണമാണ് 399.
ഡോക്ടർമാരുടെ പ്രവർത്തന മികവു പരിഗണിച്ചാണ് കരാർ അടുത്ത വർഷത്തേക്കുകൂടി പുതുക്കി കൊടുക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് നേർകാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷിനു നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത്.
താത്കാലിക നിയമനത്തിന്റെ കരാർ പുതുക്കിക്കൊടുക്കുന്നതിനു പിറകിൽ കോഴ ഇടപാടുകളുണ്ടെന്ന് ആരോപണവും നേർകാഴ്ച ഉന്നയിച്ചു. ഒരു ഡോക്ടറിൽനിന്ന് മുപ്പതിനായിരം രൂപയാണ് കോഴപ്പണമായി വാങ്ങുന്നതത്രേ. ഈയിനത്തിൽ 1.19 കോടി രുപ വർഷം ഉന്നതർ പങ്കിട്ടെടുക്കുന്നുണ്ടെന്നാണ് ആക്ഷേപം.
വർഷങ്ങളായി ഹോമിയോ ഡിപ്പാർട്ടുമെന്റിലേക്കു ഡോക്ടർമാരുടെ സ്ഥിരം നിയമനം നടത്താറില്ല. ഒഴിവുകൾ പിഎസ്സിയെ അറിയിക്കാത്തതുമൂലം നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുമില്ല.
നിലവിലുള്ള താത്കാലിക ഡോക്ടർമാർക്കുതന്നെ തുടർച്ചയായി പുനർനിയമനം നൽകുന്നതുമൂലം മറ്റുള്ളവർക്ക് അവസരം ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്തു പഠിച്ച് പരിശീലനം പൂർത്തിയാക്കിയ പുതിയ ഹോമിയോ ഡോക്ടർമാർക്കും അവസരം ലഭിക്കുന്നില്ല.