തളിപ്പറമ്പ്: ഹോമിയോപ്പതിക് രീതിയിലൂടെ മൃഗചികിത്സ നടത്തുന്ന ഹോമിയോപ്പൊതി ഡോക്ടറെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടന കള്ളക്കേസ് നൽകി പീഡിപ്പിക്കുന്നതായി പരാതി. കണ്ണൂരിലും മറ്റു ജില്ലകളിലും കുളന്പ് രോഗത്തെ തുടർന്ന് മരത്തിലേക്കടുത്ത കറവപ്പശുക്കളെ ഹോമിയോ ചികിത്സയിലൂടെ രക്ഷിച്ച ഹോമിയോ ഡോക്ടർ എം. വാസന്തിക്കെതിരേ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇതേ തുടർന്ന് വാസന്തിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.
തനിക്കെതിരേ പ്രതികാരബുദ്ധിയോടെയാണ് ഹോമിയോ ഡോക്ടർമാർ പെരുമാറുന്നതെന്ന് ഡോ. വാസന്തി പറഞ്ഞു. തൊഴിൽപരമായ അസഹിഷ്ണുതയാണ് ഡോക്ടർക്കെതിരായ നീക്കത്തിന് കാരണമെന്ന് ക്ഷീര കർഷകരും പറയുന്നു. കഴിഞ്ഞ 20 വർഷത്തിലേറെ കുളമ്പുരോഗം ഉൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഡോ. വാസന്തി രക്ഷിച്ചിരുന്നു.
മുൻ മന്ത്രി പി.ജെ.ജോസഫിന്റെ തൊടുപുഴ പുറപ്പുഴയിലെ വീട്ടിലെ പശുക്കൾക്ക് രോഗം ബാധിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഡോ.ശാന്ത ഡോ. വാസന്തിയുമായി ബന്ധപ്പെട്ട് ഹോമിയോ ചികിത്സയിലൂടെയാണ് പശുക്കളുടെ രോഗം മാറ്റിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാൽ ഡോ.വാസന്തി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. ഡോക്ടറെ അനാവശ്യമായി പീഡിപ്പിക്കുന്നതിനെതിരെ ക്ഷീര കർഷകരും മൃഗക്ഷേമ സംഘടനയായ ആനിമൽ ആൻഡ് ബേർഡ്സ് വെൽഫേർ ട്രസ്റ്റും രംഗത്ത് വന്നിട്ടുണ്ട്.