തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം ആകാറായിട്ടും തളിപ്പറമ്പ് നഗരസഭയിലെ ഹോമിയോ ആശുപത്രി കെട്ടിടം പൂട്ടിക്കിടക്കുന്നു. 2015 ഓഗസ്റ്റ് 17 നാണ് നഗരസഭാ ഹോമിയോ ആശുപത്രിക്ക് വേണ്ടി കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിന് സമീപം ഹോമിയോ ആശുപത്രിക്ക് 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കെട്ടിടം പണിതത്.
ഇപ്പോള്‍ നഗരസഭാ ബസ്സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി രോഗികള്‍ക്ക് അസൗകര്യമായതിനാല്‍ ഇവിടേക്ക് മാറ്റാനായിരുന്നു തിരക്കിട്ട് കെട്ടിടം പണിതത്. കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് തിരക്കിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും വൈദ്യുതി കണക്ഷന് ലഭിക്കാത്തതിനാല്‍ ഹോമിയോ ആശുപത്രി ഇപ്പോഴും മൂന്നാംനിലയിലെ തട്ടുംപുറത്ത് തുടരുകയാണ്. നൂറുകണക്കിന് രോഗികളാണ് നിത്യവും ഹോമിയോ ആശുപത്രിയിലെത്തുന്നത്.
വൃദ്ധരും കുട്ടികളുമായവര്ക്ക് മൂന്നാംനിലയിലേക്ക് കയറുന്നത് ബുദ്ധിമുട്ടായതിനാലാണ് അടിയന്തര പ്രാധാന്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിച്ചതെങ്കിലും രോഗികള്‍ ഇപ്പോഴും പടികയറിക്കൊണ്ടിരിക്കയാണ്. വൈദ്യുതി കണക്ഷന് ലഭ്യമാക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് സി.ഉമ്മര്‍ അറിയിച്ചു. വൈദ്യുതി കണക്ഷന് ലഭിക്കുന്ന മുറയ്ക്ക് ആശുപത്രി കുറ്റിക്കോലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.