മുക്കം: മണാശേരി ഗവ. ഹോമിയോ ആശുപത്രിയിൽ നിപ്പാ പ്രതിരോധ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അറ്റൻഡർ മോളി കൃഷ്ണന്റെ സസ്പെൻഷൻ റദ്ദാക്കി. ഹോമിയോ ഡയറക്ടർ ഡോ.കെ. ജമുനയാണ് നടപടി റദ്ദാക്കി ഉത്തരവിറക്കിയത്. ഈ മാസം ഒന്നിനാണ് മണാശേരി ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് നിപ്പായ്ക്കുള്ള പ്രതിരോധ മരുന്ന് കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
പ്രതിരോധ മരുന്ന് ലഭ്യമാണന്ന് ഡിസ്പെൻസറിയിൽ എഴുതി വച്ചതിന് ശേഷം ഡോക്ടറില്ലാത്ത സമയത്തായിരുന്നു മരുന്ന് വിതരണം ചെയ്തത്. സംഭവം വിവാദമായതോടെ അറ്റൻഡറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അറ്റൻഡറെ സസ്പെന്റ് ചെയ്തതായി കാണിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഫേസ് ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഹോമിയോ ജില്ലാതല വിദഗ്ധ സമിതി സ്ഥലത്തെത്തി അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലന്ന് കണ്ടെത്തുകയുമായിരുന്നു. അതിനിടെ അറ്റൻഡറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും സംഭവത്തിൽ ഡോക്ടറാണ് കുറ്റക്കാരനെന്നും ആരോപിച്ച് വിദഗ്ധ സമിതി അംഗങ്ങളെ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ തടഞ്ഞ് വയ്ക്കുകയും ചെയ്തിരുന്നു.
സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഎംഒ സ്ഥലത്തെത്തി ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ, നഗരസഭാധ്യക്ഷൻ, എന്നിവരിൽ നിന്ന് തെളിവെടുപ്പ് നടത്തി ഡയറക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അറ്റൻഡർ മോളി കൃഷ്ണന്റെ സസ്പെൻഷൻ റദാക്കിയത്.