സ്വന്തം ലേഖകന്‍
കോട്ടയം: നമ്മുടെ മാലാഖമാര്‍ സുരക്ഷിതരാണോ? ആണെന്നു പറയുമ്പോഴും ഭീതിജനകമായ സാഹചര്യത്തില്‍ ജോലിനോക്കേണ്ടിവരികയാണ് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ വകുപ്പിലെ നഴ്സുമാര്‍. രാത്രി പല ആശുപത്രികളിലും നഴ്സുമാര്‍ തന്നെ ജോലി ചെയ്യേണ്ട സാഹചര്യമാണ്. ജീവൻപണയം വച്ചാണ് ഇവര്‍ ജോലിനോക്കുന്നത്.
ഹോമിയോ മേഖലയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന മൂന്നു ആശുപത്രികളാണ് ജില്ലയിലുള്ളത്. ഗവണ്മെന്റ് ആശുപത്രി കുറിച്ചി, ജില്ലാ ഹോമിയോ ആശുപത്രി നാഗമ്പടം, ഗവണ്മെന്റ് ഹോമിയോ ആശുപത്രി പാലാ. ഇതില്‍ കുറിച്ചി ആശുപത്രിയില്‍ മാത്രമാണ് 24 മണിക്കൂറും സേവനമുള്ളത്.
ബാക്കി രണ്ടിടത്തും നഴ്സ് മാത്രമാണ് ഒറ്റയ്ക്ക് നൈറ്റ് ഡ്യൂട്ടിക്കുള്ളത്.പാലാ, കോട്ടയം എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സംവിധാനംപോലും ഇല്ല. ലഹരിക്ക് അടിമപ്പെട്ടവരും കിടത്തിചികിത്സ തേടി ഈ ആശുപത്രികളില്‍ എത്താറുണ്ട്.
പലപ്പോഴും ജീവനു പോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ ഒറ്റയ്ക്ക് ഇവര്‍ നോക്കുന്നത്.അതേസമയം 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട നൈറ്റ് ഡ്യൂട്ടി എടുക്കേണ്ട മറ്റു ജീവനക്കാരെ അതില്‍ നിന്ന് ഒഴിവാക്കി പകല്‍ ഡ്യൂട്ടി മാത്രം നല്കുന്ന സാഹചര്യമാണ് അധികാരികള്‍ ഒരുക്കുന്നത്.
അഡ്മിറ്റായ രോഗിയുടെ അവസ്ഥ മോശമായാല്‍ അവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റേണ്ടിവന്നാല്‍ സഹായിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്.
പാലാ, കോട്ടയം ഹോമിയോ ആശുപത്രിയില്‍ രാത്രിയില്‍ ഒരു നഴ്സ് മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഫാര്‍മസിസ്റ്റ്, ടെക്നിഷ്യന്‍, സെക്യൂരിറ്റി, കുക്ക്, വാച്ചര്‍, അറ്റന്‍ഡര്‍ തുടങ്ങീ എല്ലാ ജോലികളും രാത്രിയില്‍ ഇവര്‍ ഒറ്റക്ക് ചെയ്യേണ്ടി വരുന്നു.
ഇതിനെതിരേ നിരവധി തവണ സര്‍ക്കാര്‍ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ കെജിഎന്‍എ കോട്ടയം ജില്ലാ കമ്മിറ്റി ഹോമിയോ ഡിഎംഒ യ്ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെ തീരുമാനം ഉണ്ടായിട്ടില്ല.
പാലിയേറ്റിവ്, ജെറിയാട്രിക് പ്രോജക്റ്റ് വഴി വന്ന നഴ്സുമാര്‍ കാലാവധി കഴിഞ്ഞു പോകുമ്പോള്‍ ആ ഒഴിവ് നികത്താതെ അവരുടെ ജോലി കൂടി ഈ നഴ്സുമാരുടെ തലയിലേക്ക് അടിച്ചേൽപ്പിക്കുകയാണ്.
സ്ത്രീ സുരക്ഷയ്ക്കു പ്രാധാന്യം നല്കുന്ന കേരളത്തില്‍ ഒറ്റയ്ക്ക് നൈറ്റ് ഡ്യൂട്ടി എടുക്കുന്ന സ്ത്രീകളായ ഹോമിയോ വകുപ്പിലെ നഴ്സുമാര്‍ നേരിടുന്നത് ഏറ്റവും ഭീതിജനകമായ അവസ്ഥയാണ്.
കൃത്യമായ അവധി എടുക്കുവാന്‍ പോലും കഴിയുന്നില്ല. വിഷയത്തില്‍ താത്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കെജിഎന്‍എ ആവശ്യപ്പെടുന്നു.
അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. രാജേഷ് രാഷ് ട്രദീപികയോടു പറഞ്ഞു.