ആരോഗ്യവാന്മാരില് കൃത്രിമമായി രോഗാവസ്ഥ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഒരു മരുന്ന് രോഗിയായ ഒരാള്‍ക്കു കൊടുത്ത് അസുഖം ഇല്ലാതാക്കുന്ന രീതിയാണ് ഹോമിയോപ്പതിയില്‍ പ്രായോഗികമാക്കുന്നത്. സ്വാഭാവിക രോഗശമന സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനം. സദൃശമായവയെ സദൃശമായവയാല്‍ ചികിത്സിക്കുക – സിമിലിയ സിമിലിബസ് കുരെന്റര്- എന്നതാണ് ഹോമിയോപ്പതി സിദ്ധാന്തം.
ശാസ്ത്രീയ അടിത്തറയുളള ചികിത്സാക്രമം
കാലമേറെയായി വിവിധതരത്തിലുളള രോഗാവസ്ഥകള്‍ക്ക് ഫലസിദ്ധിയുളളതായി ബോധ്യപ്പെട്ടിട്ടുളളവയാണ് ഹോമിയോ മരുന്നുകള്‍. ഇത്തരം മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ചും ശാസ്ത്രീയ അടിത്തറയെക്കുറിച്ചും നിരവധി പഠനങ്ങള്‍ ലോകമെമ്പാടും നടന്നിട്ടുണ്ട്. കൂടാതെ മൃഗങ്ങളിലും സസ്യജാലങ്ങളിലും
പ്രായോഗിക പഠനങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നിരവധി തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. അതില്‍ നിന്ന് ശാസ്ത്രീയ നിഗമനങ്ങളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഹോമിയോപ്പതിയുടെ ചികിത്സാക്രമത്തിനു ശക്തമായ ശാസ്ത്രീയ അടിത്തറയുണ്ടെന്നു ചുരുക്കം. നിരീക്ഷണ, പരീക്ഷണ, പ്രയോഗ അംശങ്ങളില്‍ അധിഷ്ഠിതമാണ് ഹോമിയോപ്പതി.
ഹോമിയോമരുന്നുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണോ?
പകര്‍ച്ചപ്പനി, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങള്‍ കടുത്ത അവസ്ഥയിലാണെങ്കില്‍ പോലും നേരിയ കാലയളവിനുളളില്‍ത്തന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നു. രോഗവിമുക്തിക്ക് കൃത്യമായ ഹോമിയോപ്പതി മരുന്നു തെരഞ്ഞെടുക്കണമെന്നതു മാത്രമാണ് ശ്രദ്ധിക്കേണ്ടത്. പഴകിയ രോഗങ്ങള്‍ പൂര്‍ണമായി ഭേദമാക്കുകയെന്നതിനു കാലതാമസം നേരിടുക സ്വാഭാവികമാണ്. ഇതര വൈദ്യശാസ്ത്രശാഖകളിലുമെന്നതുപോലെ തീക്ഷ്ണരോഗങ്ങളായ സന്ധിവാതം, ആസ്ത്മ, വരട്ടുചൊറി, സോറിയാസിസ് തുടങ്ങിയവയ്ക്കു ദീര്‍ഘകാല ചികിത്സ അനിവാര്യം.
ശരിയായ രീതിയില്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുകയാണെങ്കില്‍ ഹോമിയോപ്പതി മരുന്നുകളെല്ലാം തന്നെ രോഗം പൂര്‍ണമായും ശമിപ്പിക്കുന്നതിനു കഴിവുളളവയാണ്. ശാശ്വതമായ രോഗനിവാരണത്തിനു സ്വാഭാവികമായും സമയദൈര്‍ഘ്യം വേണ്ടിവരും. എല്ലാ രോഗികള്‍ക്കും ഒരേ തരത്തിലുളള വെളള നിറമുളള ഗുളികകളാണ് നല്‍കുന്നത് എന്നതു തെറ്റിദ്ധാരണ മാത്രമാണ്. ഹോമിയോ ഗുളികകളും പൗഡര്‍ രൂപത്തിലുളള മരുന്നുകളും വിവിധ കുപ്പികളില്‍ അടക്കം ചെയ്തിട്ടുളളതു കാഴ്ചയില്‍ ഒരേ പോലെ തോന്നിക്കുമെങ്കിലും ഓരോന്നും വ്യത്യസ്തങ്ങളായ മരുന്നുകളാണ്.
നേര്‍പ്പിച്ച അവസ്ഥയിലാണ് പ്രാഥമികമായി ഹോമിയോ ഔഷധങ്ങള്‍ തയാറാക്കുന്നത്. പാലില്‍ അടങ്ങിയിട്ടുളള പഞ്ചസാരയുടെ അംശം പൊടിരൂപത്തില്‍ വേര്‍തിരിച്ചെടുത്തതിലും പഞ്ചസാര ഗുളികകളിലും ഹോമിയോ മരുന്നുകളുടെ ഏതാനും തുളളി ഒഴിച്ച് രോഗികള്‍ക്കു കൊടുക്കുന്നു. യഥാര്‍ഥ ഔഷധങ്ങളുടെ വാഹകരായിട്ടാണ് ഈ ഗുളികകള്‍ നിലകൊളളുന്നത്.
പ്രമേഹരോഗികള്‍ക്കു ഹോമിയോ ഗുളികകള്‍ കഴിക്കാമോ ?
പ്രമേഹരോഗികള്‍ക്കു ഹോമിയോ ഗുളികകള്‍ കഴിക്കാവുന്നതാണ്. ഔഷധം ചേര്‍ത്ത ഗ്ലോബ്യൂളുകളില്‍ നിസാര തോതിലുളള പഞ്ചസാരയുടെ അംശം മാത്രമേ ഉണ്ടാവുകയുളളൂ. മൂര്‍ധന്യാവസ്ഥയിലുളള പ്രമേഹരോഗ ചികിത്സയ്ക്ക് ഹോമിയോ ഔഷധങ്ങള്‍ ശുദ്ധജലത്തില്‍ ചേര്‍ത്തും കൊടുക്കാവുന്നതാണ്.