ഹോമിയോമരുന്നുകള്‍ കഴിക്കുമ്പോള്‍…

homeo

1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുകയാണു ചെയ്യുന്നത്.

2. രോഗം എന്നത് ഒരു അവയയവത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് ശരീരത്തിന്റെ രോഗാവസ്ഥ ഒരു അവയവത്തില്‍ കൂടുതലായി പ്രതിഫലിക്കുന്നതു കൊണ്ടാണ് പലപ്പോഴും രോഗങ്ങള്‍ ചില അവയവങ്ങളില്‍ മാത്രമായിക്കാണുന്നത്.

3. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ സവിശേഷതകളെയും വൈകല്യങ്ങളെയും കണക്കിലെടുത്താണ് ഹോമിയോപ്പതിയില്‍ മരുന്ന് നിര്‍ണയിക്കുന്നത്. ആയതിനാല്‍ ലക്ഷണങ്ങള്‍ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നത് അനുയോജ്യമായ മരുന്ന് തെരഞ്ഞെടുക്കുന്നതിനു തടസമായേക്കാം.

4. അസുഖമുളള വ്യക്തിയുടെ അതതു സമയത്തെ പ്രത്യേകതകള്‍ അനുസരിച്ചാണ് മരുന്നു നിര്‍ണയിക്കുന്നത്. അതേ അസുഖമുളള വേറെ വ്യക്തിക്കോ ആ വ്യക്തിക്കു തന്നെ പിന്നീട് ഇതേ അസുഖം വന്നാലോ പ്രസ്തുത മരുന്ന് ഗുണം ചെയ്യണമെന്നില്ല.

5. രോഗി നേരിട്ടു വന്ന് വിവരങ്ങള്‍ ധരിപ്പിക്കുന്നതാണ് അഭികാമ്യം.

6. ഹോമിയോപ്പതി ഔഷധങ്ങള്‍ സേവിക്കുമ്പോള്‍ ആഹാരക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്.

7. ആഹാരക്രമം വ്യക്തികള്‍ക്കും അസുഖങ്ങള്‍ക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും.

8. ലഹരിപദാര്‍ഥങ്ങള്‍, ഫാസ്റ്റ് ഫുഡ്, മറ്റ് കൃത്രിമ സംസ്കരണ പദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക.

9. മരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങള്‍ ഡോക്ടറെ ധരിപ്പിക്കുക.

10. ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുമ്പോള്‍ മറ്റ് നാടന്‍, അലോപ്പതി, ആയുര്‍വേദ ചികിത്സാവിധികള്‍ ഡോക്ടറുടെ അറിവോടെ മാത്രം ഉപയോഗിക്കുക.

11. മരുന്ന് ഉപയോഗിക്കുന്നത് വായ കഴുകി വൃത്തിയാക്കിയതിനുശേഷവും കഴിയുന്നിടത്തോളം വെറും വയറ്റിലുമായിരിക്കണം. ഹോമിയോ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിന് അര മണിക്കൂര്‍ മുമ്പും പിമ്പും ശക്തമായ മണമുളള വസ്തുക്കള്‍ ഉപയോഗിക്കരുത്.

12. മരുന്നുകഴിക്കുന്ന വേളയില്‍, 24 മണിക്കൂര്‍ സമയപരിധിക്കുളളില്‍ ആശ്വാസമുണ്ടാകാതിരിക്കുകയോ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയോ ചെയ്യുകയാണെങ്കില്‍ അടിയന്തരമായി ഏറ്റവുമടുത്തുളള ഹോമിയോപ്പതി ഡിസ്പന്‍സറിയിലെ ഡോക്ടറെ കാണേണ്ടതാണ്.

13. ഹോമിയോ മരുന്നുകള്‍ രൂക്ഷതയാര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍, കര്‍പ്പൂരം തുടങ്ങിയ പദാര്‍ഥങ്ങളില്‍ നിന്ന് അകറ്റി സൂക്ഷിക്കണം.

14. മരുന്നുകള്‍ തണുപ്പുളളതും വരണ്ടതും സൂര്യപ്രകാശം നേരിട്ടേല്‍ക്കാത്തതുമായ സ്ഥലത്താണു സൂക്ഷിക്കേണ്ടത്.

15. എല്ലാ മരുന്നുകളും കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളില്‍ സൂക്ഷിക്കണം.

16. ഹോമിയോമരുന്നുകള്‍ സംബന്ധിച്ച സംശയങ്ങള്‍ അംഗീകൃത ഹോമിയോപ്പതി ഡോക്ടറോട് ചോദിച്ചു നിവാരണം ചെയ്യാം. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ അതു സഹായകം.

വിവരങ്ങള്‍: ജില്ലാ ഗവ. ഹോമിയോ
ആശുപത്രി, കോട്ടയം

Related posts