അടിമാലി: ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ് വാണിഭ കേന്ദ്രം നടത്തി വന്നിരുന്ന സംഭവത്തിൽ ഉന്നത ബന്ധമെന്നും സൂചന. അടിമാലി കൂന്പൻപാറ കേന്ദ്രീകരിച്ചുള്ള ഹോം സ്റ്റേയിൽ അനാശ്യാസം നടത്തുന്നതിനായി രാഷ്ട്രീയത്തിലെ ഉൾപ്പെടെ ഉന്നതരുടെ സഹായം ലഭിച്ചിരുന്നതായാണ് വിവരം.
പെണ് വാണിഭ സംഘത്തിന്റെ വലയിൽ കുടുങ്ങിയ പലരും ഇവർക്ക് പിന്നീട് ആവശ്യമായ സഹായം നൽകിയതായാണ് സൂചന ലഭിച്ചത്. ഇതോടെ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഓടിയാലും രക്ഷയില്ല!
കൂന്പൻ പാറയിൽ ദേശീയ പാതയോട് ചേർന്നുള്ള ഹോം സ്റ്റേയിലാണ് അനാശ്യാസം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയത്.
ഹോംസ്റ്റേ നടത്തിപ്പുകാരനായ കുഞ്ഞൻ എന്ന് വിളിക്കുന്ന കുത്തുപാറ സ്വദേശി പാറക്കൽ സിജോ ജെയിംസ് (30),ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴ സ്വദേശി വല്ലോതടത്തിൽ അഖിൽ (28),തട്ടേക്കണ്ണി കഞ്ഞിക്കുഴി സ്വദേശി പെരിയകോട്ടിൽ ജോമി (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ഹോംസ്റ്റേ മാനേജർ ഇരുന്പുപാലം സ്വദേശി വിഷ്ണുവും ചില ഇടപാടുകാരും ഓടി രക്ഷപെട്ടു. എറണാകുളം, ചെമ്മണ്ണാർ, കണ്ണൂർ സ്വദേശിനികളായ നാലു യുവതികളും ഇവിടെയുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തതിനു ശേഷം പോലീസ് വിട്ടയച്ചു.
ഓടി രക്ഷപെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. ആറു മൊബൈൽഫോണുകളും കാറും ഓട്ടോയും അടക്കമുള്ള വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
വാടകവീട്ടിലെ വരവുപോക്കുകൾ
വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ഹോംസ്റ്റേ പ്രവർത്തിച്ചിരുന്നത്. നടത്തിപ്പുകാരനായ സിജോ ഏതാനും നാളുകൾക്ക് മുൻപാണ് സ്ഥാപനം ഏറ്റെടുത്തതെന്ന് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഓണ് ലൈൻ രീതിയിലാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഓരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും ആളുകൾ ഇവിടെയെത്തിയിരുന്നു.
കേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചു നൽകിയിരുന്ന സംഘങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. അടിമാലി സിഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.