ഹോം വർക്ക് ചെയ്യാതിരുന്നതിന് 10 വയസുകാരനായ മകനെക്കൊണ്ട് ഭിക്ഷയെടുപ്പിച്ച് പിതാവ്. ചൈനയിലെ ഷാംഗ്ഹായി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്കൂൾ ബാഗും ധരിച്ച് ഒരു കൊച്ചുകുട്ടി മുട്ടിന്മേൽ നിന്ന് ഭിക്ഷയാചിക്കുന്നുവെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഷാംഗ്ഹായി പോലീസ് ഇവിടേക്ക് കുതിച്ചെത്തിയത്.
പ്രശ്നമെന്തന്ന് പോലീസ് ആരാഞ്ഞപ്പോൾ കുട്ടി പറഞ്ഞതിങ്ങനെ. ഹോം വർക്ക് ചെയ്യാതിരുന്നതിന് പിതാവ് നൽകിയ ശിക്ഷയാണിതെന്നും. നാൽപ്പത്തിയഞ്ച് മിനിട്ടായി താൻ ഇവിടെ മുട്ടിന്മേൽ നിന്ന് കൈയിൽ പാത്രവും പിടിച്ച് ഭക്ഷണം യാചിക്കുകയാണെന്നും കുട്ടി പറഞ്ഞു.
പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന കുട്ടിക്ക് അവർ കഴിക്കുവാൻ ഭക്ഷണം നൽകി. പിന്നീട് ഇവരുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഇവർ ഉടൻ തന്നെ ഇവിടേക്ക് വന്നു.
പഠനകാര്യത്തിൽ മകനുള്ള ശ്രദ്ധക്കുറവിൽ കുട്ടിയുടെ പിതാവിന് വളരെ വിഷമമാണെന്നാണ് ഈ അമ്മ പോലീസുദ്യോഗസ്ഥരോട് പറഞ്ഞത്. നന്നായി പഠിച്ചില്ലെങ്കിൽ വളരെ മോശമായ ജീവിതസാഹചര്യമാകും അവനെ കാത്തിരിക്കുന്നതെന്ന് മനസിലാക്കി നൽകുവാൻ അദ്ദേഹം നൽകിയ ശിക്ഷയാണിതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ അദ്ദേഹം ചെയ്ത പ്രവൃത്തിയെ താൻ ന്യായീകരിക്കില്ലെന്നും അവർ പറഞ്ഞു.
പോലീസ് പിന്നീട് കുട്ടിയെ മാതാവിന്റെ കൂടെ പറഞ്ഞയച്ചു. കുട്ടിയുടെ പിതാവിനെതിരെ പോലീസ് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.