വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗറില്‍ പുറമ്പോക്ക് പുരയിടത്തില്‍ വിനുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. വിനുവിന്റെ അമ്മയും സഹോദരിയുമുള്‍പ്പെടെ ഏഴുപേരാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നാലിനാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതം എന്നായിരുന്നു ധരിച്ചിരുന്നതെങ്കിലും സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പ്രതികളില്‍ ഒരാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ വിനുവിന്റെ അമ്മ നിര്‍മല(44), സഹോദരി വിനിത(24), സഹോദരീ ഭര്‍ത്താവ് അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം ജോയി(31), പിറവിളാകം സ്വദേശി കൊഞ്ചല്‍ എന്നു വിളിക്കുന്ന ജിജിന്‍(20), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്‌ളക്‌സിന്‍(24), തെന്നൂര്‍ക്കോണം കരയടിവിളാകം സ്വദേശി ജിജിന്‍(20) ചൊവ്വര സ്വദേശികളായ കൃഷ്ണ എന്ന ഹരീഷ് (21), സജീവ് (24), എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
തന്റെ രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുകൊണ്ടും അമ്മയെയും ഭാര്യയെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടത്തിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ജോയി പോലീസിനോട് പറഞ്ഞത്. വിഷം നല്‍കി കൊലപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. ഈ വിവരം ജോയി ബന്ധുവായ കൊഞ്ചല്‍ എന്ന വിളിക്കുന്ന ജിജിനോട് പറഞ്ഞു. തുടര്‍ന്നായിരുന്നു കേസിലെ പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും കൃത്യം ചെയ്തതും. രാത്രി ബിനു ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തി മുഖത്ത് ടോര്‍ച്ചടിച്ച് കണ്ണ് മഞ്ഞളിപ്പിച്ച ശേഷം ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു.
തുടര്‍ന്ന് കൈകാലുകള്‍ പിടിച്ചുവച്ച് കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി. നാല് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അന്നേ വിനുവിന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.തുടര്‍ന്ന് ഫോറന്‍സിക് വിഭാഗം വിരലടയാള വിദഗ്ദ്ധര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹത്തിന് പഴക്കമുള്ളതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ ശേഷം മുഖ്യപ്രതി ജോയി ഭാര്യയെ ഫോണില്‍ വിളിച്ച് എടീ അവന്‍ തീര്‍ന്നു, എന്നു പറഞ്ഞുവെന്നു പോലീസ് വെളിപ്പെടുത്തി. എവിടെയെങ്കിലും മറവു ചെയ്യാനായിരുന്നു ഭാര്യയുടെ മറുപടി ചുട്ടുകളയാനായിരുന്നുവത്രേ മാതാവിന്റെ വാക്കുകളെന്നും പോലീസ് പറഞ്ഞു. മാതാവിനും സഹോദരിക്കും പ്രതികളിലൊരാളായ ഹരീഷിനും കൃത്യത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും സ്ത്രീകളിരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു പോലീസ് പറഞ്ഞു. കൊലപാതകം നടന്ന് പിറ്റേ ദിവസം ജോയി മൊഴി നല്‍കാന്‍ സ്‌റ്റേഷിലെത്തിയെങ്കിലും സംശയം തോന്നിയതിനെത്തുടര്‍ന്ന് മാതാവിന്റെ മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് വിഴിഞ്ഞം ഇന്‍സ്‌പെക്ടര്‍ പറയുന്നു.