പഠിക്കാന്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ ഒരു യുവാവും! വിവാഹിതരായെന്നു മകന്‍, ബന്ധുക്കള്‍ പരാതിയുമായി കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍

MARRIAGEകുന്നംകുളം: സ്വവര്‍ഗ അനുരാഗത്തെ തുടര്‍ന്ന് വിവാഹം കഴിച്ചുവെന്നവകാശപ്പെട്ട് വീട്ടിലെത്തിയ യുവാവ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി അച്ഛന്റെ പരാതി. പരാതി പ്രകാരം യുവാക്കളെയും വീട്ടുകാരെയും വിളിപ്പിച്ച പോലീസ് ഇരുകൂട്ടരോടും തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് രമ്യതയില്‍ പോകാന്‍ പറഞ്ഞ് തീര്‍പ്പാക്കി.

ചൊവ്വന്നൂര്‍ സ്വദേശിയായ യുവാവാണ് മുണ്ടത്തിക്കോട് സ്വദേശിയായ യുവാവുമായി “പ്രണയ’ത്തിലായത്. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനമെടുത്ത് മുണ്ടത്തിക്കോട് സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസം സ്വന്തം വീട്ടിലെത്തി. അപ്രതീക്ഷിതമായി മകന്‍ കൊണ്ടുവന്ന യുവാവിനെ കണ്ടപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഞെട്ടി. കഴിഞ്ഞ കുറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് ബാംഗ്്‌ളൂരുവിലേക്ക് പോയിരുന്നു. തുടര്‍ന്നാണ് രണ്ടുപേരും കൂടി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.

ഇന്നലെ ചൊവ്വന്നൂരിലെ വീട്ടിലെത്തി. വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രശ്‌നമായി. തുടര്‍ന്ന് അച്ഛന്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരെയും വിളിപ്പിച്ച പോലീസിനു കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. യുവാക്കള്‍ ഒരുമിച്ചാണ് രാവിലെ സ്‌റ്റേഷനിലെത്തിയത്. ആരെതിര്‍ത്താലും തങ്ങള്‍ ഒന്നിച്ചുതന്നെ താമസിക്കുമെന്നാണ് ഇവരുടെ നിലപാട്.

Related posts