കൊച്ചി: ഹണി ട്രാപ്പിലൂടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുടെ പക്കല്‍നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ സഹോദരങ്ങൾ കൈക്കലാക്കിയ പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങി.
കൊട്ടാരക്കരയില്‍ വണ്ടികളുടെ സ്പെയര്‍ പാര്‍ട്സിന്റെ സ്ഥാപനമാണ് ഇവര്‍ തുടങ്ങിയത്.
ഒരു ആഡംബര കാറും സ്വര്‍ണാഭരണങ്ങളും വാങ്ങിയതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച അപേക്ഷ നല്‍കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചേക്കുമെന്നാണ് പോലീസ് നിഗമനം.
ഹണിട്രാപ്പു കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോട്ടപ്പടി ഗോകുലം വീട്ടില്‍ ഹരികൃഷ്ണന് (28), സഹോദരന് ഗിരികൃഷ്ണന്‍ (25) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
മരട് സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ 48 കാരനായ പരാതിക്കാരനെ പ്രതികള്‍ വ്യാജപേരുകളില്‍ സ്ത്രീകളാണെന്ന വ്യാജേന വലയിലാക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ചാറ്റ് ചെയ്തും സ്ത്രീകളുടെ ശബ്ദത്തില്‍ വോയ്സ് മെസേജുകള്‍ അയച്ചും പരാതിക്കാരനില്‍നിന്നു പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി.
ഇവ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതല്‍ പല ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് 46,48,806 രൂപ പ്രതികള്‍ കൈക്കലാക്കിയത്.
ശബ്ദവ്യതിയാനം ലഭിക്കുന്നതിനായി പ്രതികള്‍ പ്രത്യേകതരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് സ്ത്രീകളുടെ ശബ്ദത്തില്‍ പരാതിക്കാരന് വോയ്സ് മെസേജുകള്‍ അയച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
പരാതിക്കാരനെ വിശ്വസിപ്പിക്കുന്നതിന് എറണാകുളം കലൂരിലുള്ള ഫ്ളറ്റിലുള്ള രണ്ട് സ്ത്രീകളുടെ വിലാസമാണ് നല്‍കിയിരുന്നത്.
ലൈംഗിക ബന്ധത്തിനായി ഫ്ളാറ്റിലേക്ക് ക്ഷണിച്ചതനുസരിച്ച് പരാതിക്കാരന് എത്തിയപ്പോഴാണ് അങ്ങനെ ഒരു വിലാസം നിലവിലില്ലെന്നു മനസിലായത്.
താന്‍ ചതിക്കപ്പെട്ടെന്ന് മനസിലാക്കി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കൊട്ടാരക്കരയില്‍നിന്നാണ് പ്രതികളെ അറസ്റ്റു ചെയ്ത്.
ഇവര്‍ക്കെതിരെ കൊട്ടാരക്കര, രാമങ്കരി, വാകത്താനം, ഓച്ചിറ, ചങ്ങനാശേരി, ചിങ്ങവനം, പള്ളിക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചനാ കേസുകള്‍ നിലവിലുണ്ട്.
മരട് പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്, എസ്ഐമാരായ റിജിന്‍ എ. തോമസ്, ഹരികുമാര്‍, എഎസ്ഐ രാജിവ് നാഥ്, സിപിഒമാരായ അരുണ്‍രാജ്, പ്രശാന്ത് ബാബു, വിനോദ് വാസുദേവന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.