എകാതെറിൻബർഗ്: ഗ്രൂപ്പ് എച്ചിലെ അട്ടിമറിവീരന്മാർ ഇറങ്ങിയപ്പോൾ ആവേശകരമായ മത്സരമാണ് കാണികൾക്കൊരുക്കിയത്. നാല് ഗോൾ പിറന്ന മത്സരത്തിൽ ജപ്പാനും സെനഗലും 2-2ന് സമനിലയിൽ പിരിഞ്ഞു. ജപ്പാന്റെ സമനില ഗോൾ നേടി കെയ്സുകി ഹോണ്ട ഹീറോ ആയി.
മത്സരം തുടങ്ങി രണ്ടാം മിനിറ്റായപ്പോൾ സെനഗലിന് ഗോൾ നേടാൻ അവസരം ലഭിച്ചതാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെനഗലും ജപ്പാനും ആക്രമണം നടത്തി. സെനഗലിന്റെ സാലിഫ് സേനും ജപ്പാന്റെ യുയ ഒസാകോയും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പന്തിൽ നിയന്ത്രണം പിടിച്ച സെനഗൽ മുന്നിലെത്തി.
ഗോൾ വഴി
ഗോൾ 1. സാദിയോ മാനെ (സെനഗൽ), 11-ാം മിനിറ്റ്. റീബൗണ്ട് പന്ത് ഗോളാക്കി മാനെ.
ഗോൾ 2. തകാഷി ഇനു (ജപ്പാൻ), 34-ാം മിനിറ്റ്. നാഗറ്റോമോ ലെഫ്റ്റ് വിംഗിൽ രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് പന്ത് ഇനുവിനു നൽകി. ഇനു പന്ത് കൃത്യമായി വലയിലാക്കി.
ഗോൾ 3. മൂസ വാഗ്വെ (സെനഗൽ), 71-ാം മിനിറ്റ്. ആദ്യം നിയാംഗിന്റെ ശ്രമം. പന്ത് നേരെ വാഗ്വെയിൽ. വാഗ്വെയുടെ അടി വലയിൽ.
ഗോൾ 4. കെയ്സുകി ഹോണ്ട (ജപ്പാൻ), 78-ാം മിനിറ്റ്. തകാഷി ഇനുവിന്റ പാസിൽനിന്ന് ഹോണ്ട വല കുലുക്കി.