ഓരോ കമ്പനികളും തങ്ങളുടെ പുതിയ മോഡല്‍ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത് ഗ്രാന്‍ഡ് പ്രോഗ്രാമുകള്‍ നടത്തിയാണ്. നയന മനോഹരങ്ങളായ വീഡിയോ പ്രദര്‍ശനം, ഫോട്ടോ സെക്ഷന്‍ തുടങ്ങി ആകര്‍ഷകമായ പലതും അക്കൂട്ടത്തിലുണ്ടാവും. ഹോണ്ടയുടെ ഏറ്റവും പുതിയ ഇരുചക്രവാഹനം, ഗ്രാസ്യയുടെ ലോഞ്ചാണ് അടുത്തകാലത്ത് കാഴ്ചക്കാര്‍ക്ക് ഏറ്റവുമധികം ദൃശ്യവിസ്മയം പ്രധാനം ചെയ്തതെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ അവകാശപ്പെടുന്നത്. അതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
വാഹനം പുറത്തിറക്കി കഴിഞ്ഞുള്ള ഫോട്ടോ സെക്ഷനിലാണ് ഹോണ്ട ടൂവിലേഴ്സിന്റെ ഇന്ത്യന്‍ മേധാവികളിലൊരാള്‍ വാഹനം സ്റ്റാര്‍ട് ചെയ്ത് ആക്സിലറേറ്റര്‍ തിരിച്ചത്. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്റ്റേജില്‍ നിന്ന് ചാടിയ സ്കൂട്ടര്‍ ഒന്ന് പൊങ്ങി നിലത്തുകുത്തി. പെട്ടന്നു തന്നെ സ്കൂട്ടര്‍ പൊക്കിയെടുത്ത് സ്റ്റേജിലെത്തിച്ചെങ്കിലും ലോഞ്ചിനിടെ നടന്ന കൈയ്യബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. ഇങ്ങനൊരു പുറത്തിറക്കല്‍ ചടങ്ങ് മറ്റൊരു വാഹനത്തിനും ലഭിക്കില്ലെന്ന് പറഞ്ഞാണ് ആളുകള്‍ വിഡിയോ ഷെയര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഹോണ്ടയുടെ പുത്തന്‍ 125 സി സി സ്കൂട്ടറായ ‘ഗ്രാസ്യ’ വിപണിയിലെത്തിയത്. 57,897 രൂപയാണ് സ്കൂട്ടറിന്റെ വില.