ന്യൂഡൽഹി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 125 സിസി പ്രീമിയം സ്കൂട്ടർ ഗ്രാസിയ വിപണിയിൽ അവതരിപ്പിച്ചു. വില 57,897 രൂപ(എക്സ് ഷോറൂം). ആക്ടീവ 125ന്റെ പ്ലാറ്റ്ഫോമിൽ സ്പോർട്ടി ലുക്കിലാണ് ഗ്രാസിയയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആക്ടീവ 125നേക്കാളും 400 രൂപ മാത്രം കൂടുതലേയുള്ളൂ ഗ്രേസിയയ്ക്ക്.
പുതിയ എൽഇഡി ഹെഡ് ലാന്പ്, ഡുവൽ ടോൺ കളർ, ബ്ലാക്ക് അലോയ് വീലുകൾ (ഓപ്ഷണൽ), മുന്നിൽ ഡിസ്ക് ബ്രേക്ക്, മുന്നിലും പിന്നിലും കോംബി ബ്രേക്ക് സിസ്റ്റം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. സ്റ്റാൻഡാർഡ്, അലോയ്, ഡീലക്സ് എന്നീ മൂന്ന് വേരിയന്റുകളിലായി മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഓറഞ്ച്, വൈറ്റ്, ബ്ലാക്ക്, മാറ്റ് ഗ്രേ, റെഡ് എന്നിങ്ങനെ ആറു നിറങ്ങളിൽ ഗ്രാസിയ ലഭിക്കും.
ടോപ് എൻഡ് വേരിയന്റായ ഡീലക്സിന് 62,269 രൂപ(എക്സ് ഷോറൂം)യാണ് വില. സ്റ്റാൻഡാർഡ് വേരിയന്റിനെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ ഈ വേരിയന്റിനുണ്ട്.