2017- 18-ൽ 60 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിൽക്കുവാനാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിനായി രാജ്യത്തൊട്ടാകെ 500 ടച്ച് പോയിന്റുകൾ സ്ഥാപിച്ചുവരികയാണ്. ഇതുവരെ 300 യൂണിറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞുവെന്ന് ഹോണ്ട സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു. ടച്ച് പോയിന്റുകളിൽ 70 ശതമാനവും ഗ്രാമീണ മേഖലകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നോട്ട് പിൻവലിക്കൽ,ജിഎസ്ടി ഉൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണ് ഇരുചക്രവാഹന വിപണി കഴിഞ്ഞ രണ്ടുവർഷമായി കടന്നുപോകുന്നത്. എങ്കിലും 2017-ൽ ഇരുചക്ര വാഹന വ്യവസായം ഏഴു ശതമാനം വളർച്ച നേടി. ഏഴാം ശന്പളക്കമ്മീഷൻ ശിപാർശകൾ നടപ്പാക്കിയതും മികച്ച മണ്സൂണ് ലഭിച്ചതു വഴി ഗ്രാമീണമേഖലയിൽ വരുമാനം വർധിച്ചതുമാണ് ഇരുചക്ര വാഹന വ്യവസായത്തിനു തുണയായത്.
എന്നാൽ ഹോണ്ട മോട്ടോർ സൈക്കിൾ വിവിധ വിഭാഗങ്ങളിൽ മികച്ച വളർച്ചയാണ് നേടിയത്. ഹോണ്ടയുടെ വിൽപന 13 ശതമാനം വർദ്ധിക്കുകയും ആകെ വിൽപന ഇതാദ്യമായി 50 ലക്ഷം യൂണിറ്റ് കടക്കുകയും ചെയ്തു. ഇരു ചക്രവാഹനങ്ങളുടെ 51 ശതമാനവും സംഭാവന ചെയ്യുന്നത് ഹോണ്ടയാണ്. ഹോണ്ടയുടെ ആകെ വിപണി വിഹിതം 28 ശതമാനമാണ്. സ്കൂട്ടർ സെഗ്മെന്റിൽ ആകെ 57 ശതമാനം വിപണി വിഹിതമുള്ള ഹോണ്ടയുടെ വിൽപന വളർച്ച 12 ശതമാനമാണ്. മോട്ടോർ സൈക്കിൾ വിപണിയുടെ ആകെ വളർച്ച 5 ശതമാനമാണെന്നിരിക്കെയാണിതെന്നും ഗുലേരിയ പറഞ്ഞു.
ഹോണ്ടയുടെ മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കമുള്ള വർദ്ധിച്ച ആവശ്യകത പരിഗണിച്ച് അധികമായി 6 ലക്ഷം യൂണിറ്റുകൾ ഉൽപാദിപ്പിക്കാനുളള സൗകര്യം കൂടി അടുത്തിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ നടപ്പുവർഷം 60 ലക്ഷം യൂണിറ്റ് എന്ന ലക്ഷ്യം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
2017-18-ൽ ഇതുവരെ ആഫ്രിക്ക ട്വിൻ, ക്ലിക്ക്, ഗ്രാസിയ എന്നീ 3 മോഡലുകളാണ് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്.
സൗകര്യപ്രദവും, വിവിധ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതാണ് ക്ലിക്ക് ജൂണിലെത്തിയപ്പോൾ അഡ്വഞ്ചർ ടുറർ മോട്ടോർസൈക്കിളായ ആഫ്രിക്ക ട്വിൻ ആണ് പിന്നീടെത്തിയത്. ആദ്യത്തെ 1000 സിസി മേക്ക് ഇൻ ഇന്ത്യ മോട്ടോർസൈക്കിളാണിത്. ഇതിനകം തന്നെ നിരത്തിലെത്തിയ ക്ലിക്കിന്റെ എണ്ണം പതിനായിരം കവിഞ്ഞു. വിലയാകട്ടെ 45,000 രൂപയ്ക്കു താഴെയും.
നവംബർ മാസത്തിൽ നിരത്തിലെത്തിയ ഗ്രാസിയക്ക് വെറും 21 ദിവസം കൊണ്ട് 15000 ബുക്കിംഗ് ആണ് ലഭിച്ചത്.