ഓട്ടോസ്പോട്ട് /അജിത് ടോം
ഹോണ്ട ഇത്തവണയും പതിവ് തെറ്റിച്ചില്ല. വാഹനപ്രേമികൾക്ക് ഏറെ പുതുമയുള്ള സമ്മാനവുമായാണ് പുതുവർഷത്തെ ഹോണ്ട വരവേറ്റത്. സിറ്റിയുടെ പുതുക്കിയ പതിപ്പിനു പിന്നാലെ ഇതുവരെ കൈകടത്താത്ത മേഖലയായ ക്രോസ് ഓവർ ശ്രേണിയിലേക്ക് പുത്തൻ താരോദയമായാണ് ഡബ്ല്യുആർവിയെ ഹോണ്ടഅവതരിപ്പിച്ചിരിക്കുന്നത്.
പുറംമോടി: എസ്യുവിയുടെ പ്രൗഢിയിലും തലയെടുപ്പിലുമാണ് ഡബ്ല്യുആർവിയുടെ ജനനം. കാഴ്ചയിൽ ജാസുമായി സാമ്യം തോന്നിക്കുന്ന ഡബ്ല്യുആർവി ജാസിന്റെ പ്ലാറ്റ്ഫോമിൽത്തന്നെയാണ് തീർത്തിരിക്കുന്നത്. എന്നാൽ, ഉയർന്ന മുൻഭാഗവും സിറ്റിയുടേതിനു സമാനമായ ക്രോം ഫിനീഷിംഗ് ഗ്രില്ലും ക്ലാഡിംഗുകളും സ്കിഡ് പ്ലേറ്റുകളും ചേർത്ത് മനോഹരമാക്കിയ ബന്പറും മുൻഭാഗത്തെ ആകർഷകമാക്കുന്നു. ഡേ ടൈം റണ്ണിംഗ് ലാന്പുകളോടുകൂടിയ ഹെഡ്ലാന്പും സൗന്ദര്യത്തിനു മുതൽക്കൂട്ടാവുന്നുണ്ട്.
ജാസിനു സമാനമായ വശങ്ങളാണ് ഡബ്ല്യുആർവിക്കുള്ളത്. ക്രോം ആവരണമുള്ള ഡോർ ഹാൻഡിലും സമാന്തരമായി നല്കിയിരിക്കുന്ന ഷോൾഡർ ലൈനുകളും ഈ സമാനത ഉറപ്പിക്കുന്നു. എന്നാൽ, ബന്പറിലെ ക്ലാഡിംഗുകൾ വീൽ ആർച്ചിലൂടെയും ഡോറിലൂടെയും കടന്നുപോകുന്നത് ഡബ്ല്യുആർവിയുടെ മാത്രം സവിശേഷതയാണ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും വശങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നതാണ്.
ബോഡിയിലും ഹാച്ച്ഡോറിലുമായി പരന്നുകിടക്കുന്ന ടെയ്ൽ ലാന്പും ബന്പറിനോടു ചേർന്നുള്ള നന്പർപ്ലേറ്റും അതിലെ ക്രോം ലൈനും മുൻഭാഗത്തേതിനു സമാനമായ സ്കിഡ് പ്ലേറ്റും പിൻഭാഗത്തെ സന്പന്നമാക്കുന്നുണ്ട്.
ഉൾവശം: ബ്ലാക്ക്-ഗ്രേ, ബ്ലാക്ക്-സിൽവർ എന്നീ കോംബിനേഷനിൽ തീർത്തിരിക്കുന്ന ഡാഷ്ബോർഡാണ് ഡബ്ല്യുആർവിയിലെ ആകർഷണം. എന്നാൽ, ജാസിന്റെ ഉൾവശവുമായി നിരവധി സമാനതകൾ ഇന്റീരിയറിലും ദർശിക്കാം.
സിൽവർ ബോർഡർ നല്കിയിട്ടുള്ള എസി വെന്റുകളും ഏഴ് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോളിംഗ് യൂണിറ്റും സെന്റർ കണ്സോളിനെ സമ്പന്നമാക്കുന്നു. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന ഡിജിപാഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിനുള്ളത്. മിറർ ലിങ്ക്, വൈഫൈ എന്നിവയ്ക്കു പുറമെ എച്ച്ഡിഎം ഐ കണക്ടറ്റിവിറ്റിയും ഉൾക്കൊള്ളിച്ചിരിക്കുന്നു. എസ്ഡി കാർഡ്, യുഎസ്ബി, ബ്ലൂടുത്ത്, നാവിഗേഷൻ എന്നീ സൗകര്യങ്ങൾക്കു പുറമെ 1.5 ജിബി ഇന്റേണൽ മെമ്മറിയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുണ്ട്.
താരതമ്യേന വലുപ്പം കുറഞ്ഞ ഗിയർലിവറാണ് ഡബ്ല്യുആർവിക്കുള്ളത്. ഫാബ്രിക് കോട്ടിംഗുള്ള ആംറെസ്റ്റിലുൾപ്പെടെ നിരവധി സ്റ്റോറേജ് സ്പേസും വാഹനത്തിലുണ്ട്.
രണ്ട് അനലോഗ് മീറ്ററും ഒരു മൾട്ടി ഇൻഫർമേഷൻ ഡിജിറ്റൽ മീറ്ററും ഉൾപ്പെടുന്നതാണ് മീറ്റർ കണ്സോൾ.
സ്റ്റിയറിംഗ് വീലിൽ വോയിസ് കമാൻഡ്, ഫോണ് കണ്ട്രോളിംഗ്, ക്രൂയിസ് കണ്ട്രോൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.
മുൻനിര യാത്രക്കാരോടും പിൻനിരയിലുള്ളവരോടും ഒരുപോലെ നീതി പുലർത്തിയാണ് സീറ്റുകളുടെ നിർമാണം. വശങ്ങളിലും കവറിംഗ് നല്കിയിട്ടുള്ള വലിയ മുൻനിര സീറ്റുകളും രണ്ടു പേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന പിൻസീറ്റുകളുമാണ് ഇതിലുള്ളത്. വിശാലമായ ലെഗ് സ്പേസ് രണ്ടു നിരയിലും നല്കിയിട്ടുള്ളതിനൊപ്പം 354 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസും ഒരുക്കിയിട്ടുണ്ട്.
സുരക്ഷ: ബേസ് മോഡലിൽ ഉൾപ്പെടെ രണ്ട് എയർബാഗും എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ടോപ്പ് എൻഡിൽ റിവേഴ്സ് കാമറയും നല്കിയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
എൻജിൻ: 1.2 ലിറ്റർ ഐ-വിടെക് പെട്രോൾ എൻജിൻ അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്സിലും 1.5 ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിൻ ആറ് സ്പീഡ് മാന്വൽ ഗിയർ ബോക്സിലുമാണ് വരുന്നത്.
പെട്രോൾ എൻജിൻ 1199 സിസിയിൽ 90 പിഎസ് പവറും 110 എൻഎം ടോർക്കും, ഡീസൽ എൻജിൻ 1498 സിസിയിൽ 100 പിഎസ് പവറും 200 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മൈലേജ്: പെട്രോൾ മോഡലിന് 17.5 കിലോമീറ്റർ, ഡീസൽ മോഡലിന് 25.5 കിലോമീറ്റർ.
വില: പെട്രോൾ മോഡലുകൾക്ക് 7.75 ലക്ഷം മുതൽ 8.99 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 8.79 ലക്ഷം മുതൽ 10.0 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.
ടെസ്റ്റ് ഡ്രൈവ്:
പ്രീമിയർ ഹോണ്ട, കോട്ടയം.
0481 2792800
92077 22522