ഇരിട്ടി: കാട്ടു തേനീച്ചകളുടെ ആക്രമണഭീതിയിൽ പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈൽ. രണ്ടു ദിവസത്തിനിടയിൽ പ്രദേശത്തെ 12 പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. സാരമായി പരിക്കേറ്റ മൂന്നു പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
രാവിലെ എട്ടിനും ഒന്പതിനുമിടയിലാണ് തേനീച്ചകൾ കൂട്ടമായി പ്രദേശത്ത് എത്തുന്നത്. കഴിഞ്ഞ വർഷവും ഇതേസമയത്ത് തേനീച്ചക്കൂട്ടം എത്തി രണ്ടു പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു.
തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോരത്തേക്കാണ് തേനീച്ച കൂട്ടമായി എത്തുന്നത്. കിളിയന്തറ 32-ാം മൈൽ ബസ് കാത്തരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന ഇരിട്ടി നഗരസഭയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. അനിതയ്ക്കാണ് ആദ്യം കുത്തേറ്റത്.
തേനീച്ചക്കൂട്ടം വളഞ്ഞതോടെ ഇവർ സമീപത്തു തന്നെയുള്ളവീട്ടിനുള്ളിലേക്ക് ഓടിക്കയറി. ശരീരത്തിൽ പല സ്ഥലത്തുമായി കുത്തേറ്റ ഇവർ ആശുപത്രിയിൽ എത്തി ചികിത്സ തേടി.
അനിതയ്ക്ക് പിന്നാലെ റോഡരികിലും കടകളിലുമായി നിൽക്കുകയായിരുന്ന അപ്പച്ചൻ ചാക്യാനിക്കുന്നേൽ, ഹരിദാൻ കോരംതൊടിയിൽ, മോനിക്ക ചേനങ്ങ്പള്ളിൽ, കബീർ, ടി.കെ ജോസഫ്, പി.എൻ സുരേഷ് എന്നിവർക്കും കുത്തേറ്റു.
എല്ലാവരും സമീപത്തെ പള്ളികളിലും മറ്റും കയറി വാതിൽ അടയ്ക്കുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും നിരവധി ഈച്ചകളുടെ കുത്തേറ്റവരെ ആശുപ ത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ബൈക്കിൽ വരികയായിരുന്ന കിളിയന്തറ കാർ ക്ലിനിക്ക് സ്ഥാപനത്തിലെ ജീവനക്കാരനെ തേനീച്ചക്കൂട്ടം വളഞ്ഞതോടെ ബൈക്ക് നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും ഇരിട്ടി എസ്ഐയും സ്ഥലത്തെത്തി. വ്യാഴാഴ്ച രാവിലെ വള്ളിത്തോട് പത്രം ഏജന്റ് ബീരാനേയും തേനീച്ചക്കൂട്ടം ആക്രമിച്ചു.
നൂറുകണക്കിന് ഈച്ചകൾ ശരീരത്തിൽ പൊതിഞ്ഞതോടെ ഉച്ചത്തിലുള്ള ബഹളം കേട്ട് സമീപത്തെ വീട്ടിൽ നിന്നും ബെഡ്ഷീറ്റ് എടുത്തുകൊണ്ടുവന്ന് മൂടിയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സ തേടി.