ഹണിറോസും താരസംഘടന ഭാരവാഹികളും തമ്മില്‍ ഇടയുന്നു, നടിക്കുവേണ്ടി ഹര്‍ജി നല്കിയത് അമ്മയിലെ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് ഹണി, ഡബ്ല്യുസിസിയിലേക്ക് ഒരാള്‍ കൂടി?

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിക്ക് നേരിട്ട അതിക്രമത്തിന്റെ പേരില്‍ സിനിമ ലോകത്ത് നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ തലത്തില്‍. താരസംഘടനയായ അമ്മയുടെ നിര്‍ദേശപ്രകാരം കേസില്‍ കക്ഷി ചേരാന്‍ ഹണിറോസും രചന നാരായണന്‍കുട്ടിയും ഹര്‍ജി നല്കിയിരുന്നു. എന്നാല്‍ നടി കോടതിയില്‍ ഇതിനെ എതിര്‍ത്തതോടെ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന വാദവുമായി ഹണി രംഗത്തെത്തി.

ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. അമ്മ എക്സിക്യൂട്ടീവ് അംഗമായ ഹണിയുടെ വെളിപ്പെടുത്തല്‍, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള സംഘടനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണന്‍കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം.

കാല്‍ നൂറ്റാണ്ടെങ്കിലും പരിചയസമ്പത്തുള്ള പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനെ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു രചനയും ഹണിയും അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍, നടിയുമായി കൂടിയാലോചിച്ച് മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകനെയാണു പ്രോസിക്യൂട്ടറാക്കിയതെന്നു ചൂണ്ടിക്കാട്ടി നടിമാരുടെ കക്ഷിചേരല്‍ നീക്കത്തെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രോസിക്യൂട്ടര്‍ നല്ല രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Related posts