ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ വളർത്തു മകളായ ഹണിപ്രീത് ഇൻസാനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്. ഹരിയാന പോലീസാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്. വിധിക്കുശേഷം കോടതിക്കു പുറത്തിറങ്ങിയ ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി പോലീസ് അറിയിച്ചിരുന്നു.
വിധി എതിരായാൽ കോടതിയുടെ പുറത്തുകാത്തു നിൽക്കുന്ന അനുയായികൾക്കു കലാപം തുടങ്ങാൻ ആഹ്വാനം നൽകുന്ന സന്ദേശം കൈമാറാനും പദ്ധതി തയാറാക്കിയിരുന്നു. ചുവന്ന ബാഗ് ഉയർത്തി കലാപത്തിന് ആഹ്വാനം നൽകാനായിരുന്നു പദ്ധതി. തന്റെ അംഗരക്ഷകരുടെ സഹായത്താൽ മറ്റൊരു കാറിൽ കയറി രഹസ്യ കേന്ദ്രത്തിലേക്കു മാറാനായിരുന്നു ശ്രമം. എന്നാൽ, പോലീസ് ഈ നീക്കങ്ങളെല്ലാം അവസരോചിത ഇടപെടലിലൂടെ തകർക്കുകയായിരുന്നു.