കല്ലടിക്കോട്: പ്രളയത്തിനു ശേഷം വന്ന തേൻ സീസണ് തേനീച്ച കർഷകർക്ക് തിരിച്ചടിയാവുന്നു. കേരളത്തിൽ ഇത്തവണ തേൻ ഉൽപാദനം 60 ശതമാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. തുടർച്ചയായ മഴ തേനീച്ചകളുടെ നാശത്തിന് കാരണമായി. സാധാരണഗതിയിൽ സെപ്റ്റംബർ മാസത്തോടെ തേനീച്ച കോളനി വിഭജനം ആരംഭിക്കും.
ജനുവരി മുതൽ മാർച്ച് വരെ തേൻ എടുക്കുന്ന സമയമാണ് ഒരു പെട്ടിയിൽ നിന്നും 12 മുതൽ 20 കിലോ വരെ തേൻ ലഭിക്കും എന്നാൽ ഇത്തവണ ഫെബ്രുവരി മാസം പകുതിയായിട്ടും കാര്യമായി തേൻ ലഭിച്ചില്ല. പൊതുവേ തേനീച്ചകൾക്ക് വളർച്ചയില്ല.
തേൻ കോളനി വിഭജനം കാര്യമായി നടന്നില്ല പ്രളയസമയത്ത് കേരളത്തിൽ 40 ശതമാനം തേനീച്ചകൾ നശിച്ചിരുന്നു.അവശേഷിക്കുന്ന തേനീച്ചകളിൽ നിന്നും കോളനിവിഭജനം നടത്താൻ കാര്യമായി കഴിഞ്ഞതുമില്ല. റബ്ബർ, മാവ് തുടങ്ങിയവയുടെ പൂവിൽ നിന്നും ഇലയിൽ നിന്നുമാണ് കൂടുതൽ തേൻ ലഭിക്കുക.
ഇത്തവണ റബ്ബറിന് നേരത്തെ തളിർ വന്നെങ്കിലും രാത്രിയിലെ തണുപ്പും പകലിലെ ചൂടും കാരണം തളിരെല്ലാം കരി ഞ്ഞുപോയി. മാവുകൾ എല്ലാം ഇപ്പോഴാണ് പൂക്കുന്നത്. പാലക്കാട് ജില്ലയിൽ ആയിരക്കണക്കിന് തേനീച്ച കർഷകരുണ്ട്.
തമിഴ്നാട്ടിൽ നിന്നും മറ്റും ഇവിടെ വന്നു തേനീച്ച കൃഷി ചെയ്യുന്ന ധാരാളം പേരുണ്ട്. അവരിൽ പകുതിയോളം പേരും മോശമായ കാലാവസ്ഥ കാരണം നാട്ടിലേക്കു തിരിച്ചു പോയി. വൻതേൻ പോലെത്തന്നെ ചെറുതേൻ കൃഷിയിലും കാലാവസ്ഥ വ്യതിയാനം പ്രതിസന്ധി ഉണ്ടാക്കുന്നു.
ചെറുതേൻ കൃഷിയിൽ ഇപ്പോൾ കോളനി വിഭജനം നടത്തുന്ന സമയമാണ് എന്നാൽ തേനീച്ചകൾക്ക് വളർച്ചയില്ലാത്തത് കാരണം കോളനി വിഭജനം കുറവാണ്. പാലക്കാട് ജില്ലയിലെ പ്രധാന തേനീച്ച കർഷക മേഖലയായ തച്ചന്പാറയിൽ ഇത്തവണ മാന്ദ്യമാണ് അനുഭവപ്പെടുന്നത്.
തച്ചന്പാറ പഞ്ചായത്തിൽ മാത്രം വലുതും ചെറുതുമായ തേനീച്ച കൃഷി ചെയ്തു ഉപജീവനമാർഗം നടത്തുന്നവർ നൂറിലേറെപ്പേർ ഉണ്ട്. ഇത്തവണ ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. തേനീച്ച വളർത്തൽ കൃഷിവകുപ്പിന് കീഴിൽ നേരിട്ടല്ലാത്തതിനാൽ കർഷകർക്ക് യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കുകയുമില്ല.
തേൻ ഉൽപാദനത്തിലെ ഇടിവും തേനീച്ച കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ചചെയ്യാനും പരിഹാരം കാണാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.