കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരുന്നതിനായി താരസംഘടനയായ എഎംഎംഎയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടിമാരായ ഹണി റോസും രചനാ നാരായണൻകുട്ടിയും നൽകിയ ഹർജി പിൻവലിക്കാൻ നീക്കം.
നടിയും സർക്കാരും ഹർജിയെ എതിർത്തതോടെയാണ് ഹർജി പിൻവലിക്കാൻ തീരുമാനമുണ്ടായത്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുന്നുവെന്ന പൊതുബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർജി നൽകിയത്. ആക്രമിക്കപ്പെട്ട നടിയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് വനിതാ ജഡ്ജി വേണമെന്നുള്ളത്.
ഈ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് എഎംഎംഎയിലെ അംഗങ്ങളായ നടിമാർ ഹരജിയുമായി കോടതിയെ സമീപിച്ചത്. കേസ് തൃശൂർക്ക് മാറ്റണമെന്നും പ്രോസിക്യൂട്ടറെ മാറ്റണം എന്നീ ആവശ്യങ്ങളും ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, അക്രമിക്കപ്പെട്ട നടി ഇതിനെ എതിർത്ത് രംഗത്തുവന്നതോടെയാണ് എഎംഎംഎ സമ്മർദത്തിലായത്. തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും താൻ ഇപ്പോൾ എഎംഎംഎയിൽ അംഗമല്ലെന്നും അക്രമിക്കപ്പെട്ട നടി കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ, പ്രോസിക്യൂട്ടറെ നിയമിച്ചത് തന്റെകൂടി അഭിപ്രായം ആരാഞ്ഞാണെന്ന് നടി അറിയിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹർജിയിൽ തിരുകിക്കയറ്റിയത് താൻ അറിയാതെയാണെന്ന് പറഞ്ഞുകൊണ്ട് ഹണി റോസ് രംഗത്തെത്തിയത് കൂടുതൽ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹർജി പിൻവലിച്ച് മുഖംരക്ഷിക്കാൻ ശ്രമം നടത്തുന്നത്.
അതേസമയം ദിലീപിനെ എഎംഎംഎയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾ ചർച്ച ചെയ്യുന്നതിന് നാളെ യോഗം ചേരും. വൈകുന്നേരം നാലിന് ഹോട്ടൽ ക്രൗണ്‍ പ്ലാസയിലാണ് യോഗം നടക്കുക.