ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമും താനും നിരപരാധിയാണെന്ന് ഹണിപ്രീത്. പഞ്ചാബ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പപ്പ (ഗുർമീത്)യും താനും നിരപരാധികളാണെന്ന് ഹണിപ്രീത് ആവർത്തിച്ചത്. അതേസമയം ഇവർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹണിപ്രീതിനെ ഇന്ന് പഞ്ച്കുലയിലെ കോടതിയിൽ ഹാജരാക്കും.
ഓഗസ്റ്റ് 25ന് ഗുർമീത് റാം റഹിമിന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിവിധിക്കു മുന്പ് ലഹളയുണ്ടായിരുന്നു. ഹണിപ്രീതിനെ കോടതിയിൽ ഹാജരാക്കുന്പോൾ അക്രമം ഉണ്ടാകുമെന്ന റിപ്പോർട്ടിനെത്തുടർന്ന് കോടതിക്കു പുറത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയൽ രേഖയില്ലാതെ ആരെയും കോടതിയിലേക്ക് കയറ്റിവിടുന്നില്ല.
പഞ്ചാബിലെ സിരാക്പുർ-പട്യാല റോഡിൽനിന്നാണ് പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനെ ഇന്നലെ പോലീസ് പിടികൂടിയത്. ഹണിപ്രീത് ഒരു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഗുർമീതിനെതിരായ കോടതിവിധിക്കു മുന്പ് ഉണ്ടായ ലഹളയുമായി ബന്ധപ്പെട്ടാണ് ഹണിപ്രീത് അറസ്റ്റിലായത്.
41 പേരുടെ മരണത്തിനിടയാക്കിയ ലഹളയുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയിൽ ഹണിപ്രീതായിരുന്നു പ്രമുഖസ്ഥാനത്ത്. പോലീസിനെ വെട്ടിച്ച് ഒരു മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഹണിപ്രീതിനായി സുരക്ഷിത സ്ഥാനങ്ങൾ ഒരുക്കിയവരെയും ചോദ്യംചെയ്യും. ദേര സച്ച അനുയായിയുടെ വീട്ടിലാണ് ഹണിപ്രീത് ഒളിവിൽകഴിഞ്ഞിരുന്നത്. ഹണിക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെയും കോടതിയിൽ ഹാജരാക്കും.
നേരത്തെ പഞ്ച്കുല ലഹളയിൽ തനിക്കു പങ്കുണ്ടെന്ന തരത്തിൽ ഉയർന്ന ആരോപണം മാനസികമായി തകർത്തെന്നും ആരോപണത്തിൽ കഴന്പില്ലെന്നും ഹണിപ്രീത് വാർത്താ ചാനലിൽ നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
പപ്പ (ഗുർമീത്) നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ മാനഭംഗ കുറ്റാരോപണം തന്നെ മാനസികമായി തളർത്തിയെന്നും അവർ പറഞ്ഞു. ഒരു കത്തിന്റെ പേരിലാണ് പപ്പയെ ശിക്ഷിച്ചതെന്നും രണ്ടു സ്ത്രീകൾ മാത്രമാണ് പരാതി നൽകിയതെന്നും ബാക്കിയുള്ളവർക്കാർക്കും യാതൊരു പരാതിയും ഇല്ലല്ലോയെന്നും അവർ ചോദിച്ചു.
ഓഗസ്റ്റ് 25ന് ഗുർമീത് റാം റഹിം പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകുന്പോൾ ഹണിപ്രീതും ഒപ്പമുണ്ടായിരുന്നു. ഗുർമീതിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ഹണിപ്രീതിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. ഹണിക്കായി ലുക്ക്ഔട്ട് നോട്ടീസും അറസ്റ്റ് വാറണ്ടും ഹരിയാന പോലീസ് പുറപ്പെടുവിച്ചെങ്കിലും ഇന്നലെവരെ യാതൊരു ഫലവുമുണ്ടായില്ല.