ചണ്ഡിഗഡ്: ഗുർമീതിനെതിരായ കോടതിവിധിക്കു മുന്പ് ഉണ്ടായ ലഹളയ്ക്കു പിന്നിലെ ബുദ്ധി കേന്ദ്രം ഹണിപ്രീതാണെന്ന് പോലീസ്. ഇതിനായി 1.40 കോടി രൂപ ഹണിപ്രീത് ചെലവാക്കിയെന്ന് പോലീസ്. കോടതി വിധിക്ക് ഒരാഴ്ച മുന്പ് ഗുർമീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കലാപം സൃഷ്ടിച്ച് ആൾദൈവത്തെ രക്ഷിക്കാൻ തീരുമാനിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന സമയത്ത് ഹണിപ്രീത് 17 സിം കാർഡ് ഉപയോഗിച്ചു. ഇതിൽ രണ്ട് സിം ഇന്റർനാഷണൽ നന്പറുകളാണെന്ന് പോലീസ് പറഞ്ഞു.
ഇവരെ നാർക്കോ അനാലിസിസ് നടത്താൻ കോടതിയോട് അനുവാദം ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. ഹണിപ്രീതിനെ കുറിച്ചു പോലീസിനു വിവരം നൽകിയ ആളെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലെ സിരാക്പുർ-പട്യാല റോഡിൽനിന്നാണ് പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ചൊവ്വാഴ്ച പിടിയിലായത്. ഗുർമീതിനെതിരായ കോടതിവിധിക്കു മുന്പ് ഉണ്ടായ ലഹളയെ തുടർന്ന് ഒരു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
41 പേരുടെ മരണത്തിനിടയാക്കിയ ലഹളയുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയിൽ ഹണിപ്രീതാണു മുന്നിൽ. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണു ഹണിപ്രീതിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.
രണ്ട് സ്വകാര്യ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ഹണിപ്രീതിന്റെ അറസ്റ്റ് നടന്നത്. പഞ്ച്കുല ലഹളയിൽ തനിക്കു പങ്കുണ്ടെന്ന തരത്തിൽ ഉയർന്ന ആരോപണം മാനസികമായി തകർത്തെന്നും ആരോപണത്തിൽ കഴന്പില്ലെന്നും ഹണിപ്രീത് വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
പപ്പ (ഗുർമീത്) നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ മാനഭംഗ കുറ്റാരോപണം തന്നെ മാനസികമായി തളർത്തിയെന്നും അവർ പറഞ്ഞു. ഓഗസ്റ്റ് 25ന് ഗുർമീത് റാം റഹിം പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകുന്പോൾ ഹണിപ്രീതും ഒപ്പമുണ്ടായിരുന്നു. ഗുർമീതിന് കോടതി ശിക്ഷ വിധിച്ചതിനുശേഷം ഹണിപ്രീതിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. ഹണിക്കായി ലുക്ക്ഒൗട്ട് നോട്ടീസും അറസ്റ്റ് വാറണ്ടും ഹരിയാന പോലീസ് പുറപ്പെടുവിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.