രാമവർമപുരം: രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ തുടങ്ങിയവരുടെ സന്ദർശനത്തിന്റെ ഭാഗമായുളള വിവിഐപി സുരക്ഷാ പരിശോധനാസംഘത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന, കേരള പോലീസ് അക്കാദമി ഡോഗ് സ്ക്വാഡ് സെന്ററിലെ “ഹണി’ വിടവാങ്ങി.
10 വർഷക്കാലത്തെ സർവീസിനുശേഷം, വിരമിച്ച പോലീസ് നായ്ക്കളെ പാർപ്പിക്കുന്ന റിട്ടയർമെന്റ് സെന്ററായ വിശ്രാന്തിയിലാണ് ഹണി ഇന്നലെ രാവിലെ അവസാന സല്യൂട്ട് ഏറ്റുവാങ്ങിയത്.
ബ്യൂഗിൾ മുഴക്കിയശേഷം ട്രെയിനിംഗ് ഐജി സേതുരാമൻ സല്യൂട്ട് നൽകി ഹണിക്ക് അന്ത്യോപചാരമർപ്പിച്ചു. പുഷ്പാർച്ചന നടത്തി, റീത്തും സമർപ്പിച്ചു. പ്രത്യേക കല്ലറയും ഹണിക്കായി സജ്ജമാക്കിയിരുന്നു.
സംസ്ഥാനത്തെ ഏക ഡോഗ് പരിശീലന കേന്ദ്രമായ കേരള പോലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തുന്ന മുഴുവൻ നായ്ക്കൾക്കും മാതൃകയും വഴികാട്ടിയുമായ ഹണി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സെന്ററിലെ കണ്ണിലുണ്ണിയായിരുന്നു.
2012ലാണ് സേനയുടെ ഭാഗമായി ഹണി എത്തിയത്. തൃശൂരിലെ പ്രമുഖ സ്വകാര്യ കെന്നലിൽനിന്നാണ് രണ്ട് ലാബ്രഡോർ ഇനത്തിലുള്ള നായ്ക്ക ളെ കേരള പോലീസിനായി വാങ്ങിയത്, അതിലൊ ന്നാണ് ഹണി.
നല്ലയിനം ബ്രീഡുകളിൽ ഇണചേർത്തതിനെ തുടർന്ന് ഒറ്റ പ്രസവത്തിൽ ഏഴു നായ് ക്കളെയാണ് ഹണി നൽകിയത്.
ഹണിയുടെ മക്കളായ ഫ്രിഡ, ലൈക്ക, ഡെൽമ, ബെറ്റി, മാർക്കോ, ഹെക്ടർ, ഡോണ്‍ എന്നിവ ഡോഗ് സ്ക്വാഡ് അംഗങ്ങളായി വിവിധ ജില്ലകളിൽ നാർക്കോട്ടിക് ഡിറ്റക്ഷൻ രംഗത്തു കഴിവുതെളിയിച്ചു.
ഹണിയുടെ സഹോദരി ജൂലി ഇപ്പോഴും പാലക്കാട് കെ നയൻ സ്ക്വാഡ് അംഗമായി പ്രവർത്തിക്കുന്നു.
പ്രതിസന്ധികളെ അതിജീവിക്കാവുന്ന പരിശീലനം നേടിയ ഹണിയെ നിരവധി പൊതുപരിപാടികളിലും യോഗങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി നിയോഗിച്ചിരുന്നു.