തച്ചന്പാറ: പ്രളയത്തിനുശേഷംവന്ന തേൻ സീസണ് തേൻ കർഷകർക്ക് തിരിച്ചടിയായി. കേരളത്തിൽ ഇത്തവണ തേൻ ഉത്പാദനം 60 ശതമാനം കുറഞ്ഞതായാണ് കണക്ക്. തുടർച്ചയായ മഴ തേനീച്ചകളുടെ നാശത്തിനു കാരണമായി. സാധാരണഗതിയിൽ സെപ്റ്റംബർ മാസത്തോടെ തേനീച്ച കോളനി വിഭജനം തുടങ്ങും. ജനുവരി മുതൽ മാർച്ച് വരെ തേൻ എടുക്കുന്ന സമയമാണ്.
ഒരുപെട്ടിയിൽ നിന്നും 12 മുതൽ 20 കിലോ വരെ തേൻ ലഭിക്കും. എന്നാൽ ഇത്തവണ ഫെബ്രുവരിമാസം പകുതിയായിട്ടും കാര്യമായി തേൻ ലഭിച്ചില്ല. പൊതുവേ തേനീച്ചകൾക്ക് വളർച്ചയില്ല. തേൻകോളനി വിഭജനവും കാര്യമായി നടന്നില്ല.പ്രളയസമയത്ത് കേരളത്തിൽ 40 ശതമാനം തേനീച്ചകൾ നശിച്ചിരുന്നു.
അവശേഷിക്കുന്ന തേനീച്ചകളിൽനിന്നും കോളനി വിഭജനം നടത്താൻ കാര്യമായി കഴിഞ്ഞതുമില്ല. റബർ, മാവ് തുടങ്ങിയവയുടെ പൂവിൽനിന്നും ഇലയിൽ നിന്നാണ് കൂടുതൽ തേൻ ലഭിക്കുക. ഇത്തവണ റബറിന് നേരത്തെ തളിർവന്നെങ്കിലും രാത്രിയിലെ തണുപ്പും പകലിലെ ചൂടുംമൂലം തളിരെല്ലാം കരിഞ്ഞുപോയി. മാവുകൾ എല്ലാം ഇപ്പോഴാണ് പൂക്കുന്നത്.
പാലക്കാട് ജില്ലയിൽ ആയിരക്കണക്കിന് തേനീച്ച കർഷകരുണ്ട്. തമിഴ്നാട്ടിൽനിന്നും മറ്റും ഇവിടെ വന്നു തേനീച്ച കൃഷി ചെയ്യുന്ന ധാരാളംപേരാണുള്ളത്. അവരിൽ പകുതിയോളം പേരും മോശമായ കാലാവസ്ഥമൂലം നാട്ടിലേക്കു തിരിച്ചുപോയി. വൻതേൻ പോലെത്തന്നെ ചെറുതേൻ കൃഷിയിലും കാലാവസ്ഥാവ്യതിയാനം പ്രതിസന്ധിയുണ്ടാക്കുന്നു.
ചെറുതേൻ കൃഷിയിൽ ഇപ്പോൾ കോളനി വിഭജനം നടത്തുന്ന സമയമാണ്. എന്നാൽ തേനീച്ചകൾക്ക് വളർച്ചയില്ലാത്തതുമൂലം കോളനി വിഭജനം കുറവാണ്. ജില്ലയിലെ പ്രധാന തേനീച്ച കർഷക മേഖലയായ തച്ചന്പാറ യിൽ ഇത്തവണ മാന്ദ്യമാണ്. തച്ചന്പാറ പഞ്ചായത്തിൽ മാത്രം വലുതും ചെറുതുമായ തേനീച്ച കൃഷിചെയ്തു.
ഉപജീവനമാർഗം നടത്തുന്നവർ നൂറിലേറെപ്പേരാണുള്ളത്. ഇത്തവണ ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലാണ്.
തേനീച്ചവളർത്തൽ കൃഷിവകുപ്പിന് കീഴിൽ നേരിട്ടല്ലാത്തതിനാൽ കർഷകർക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കുകയുമില്ല. തേൻ ഉത്പാദനത്തിലെ ഇടിവും തേനീച്ച കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ചചെയ്യാനും പരിഹാരം കാണാനും സർക്കാർ എത്രയുംവേഗം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.