കോട്ടയം: മധ്യപ്രദേശിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഭർത്താവായിരുന്ന ലിനു തോമസ് സ്കൂൾ ഡ്രൈവറായി ഭോപ്പാലിൽ ജോലി ചെയ്യുന്നതിനിടെയാണു പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) അഞ്ച് വർഷത്തിനുശേഷമാണു ഭോപ്പാൽ പോലീസ് അറസ്റ്റു ചെയ്തത്.
കോട്ടയം അതിരന്പുഴ നെടുംതൊട്ടിയിൽ റോയി ജോസഫിന്റെ മകൾ ഹണിമോൾ റോയി(24) മരിച്ച സംഭവത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2014ലാണ് കോട്ടയം അതിരന്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണിമോൾ റോയി(24)യെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭോപ്പാലിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് ഭോപ്പാൽ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. അന്വേഷണവുമായി പോലീസ് മുന്നോട്ടുപോയി. അതിനെ തുടർന്നാണ് ലിനുവിനെ അറസ്റ്റ് ചെയ്യുന്നത്.