ഹണിപ്രീതിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ്! ഹണി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നതും പരസ്പര ബന്ധമില്ലാതെയാണ് ഉത്തരം നല്‍കുന്നതെന്നതും കാരണം

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന. ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടും. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പഞ്ച്കുളയിലുണ്ടായ കലാപം സംബന്ധിച്ച് 40 ചോദ്യങ്ങളാണ് ഹണിയോട് പോലീസ് ചോദിച്ചത്. എന്നാല്‍ ഇതില്‍ 13 ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. 27 ചോദ്യങ്ങള്‍ക്ക് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കിയത്.

ഒളിവില്‍ പോയ ഡേരാ അന്തേവാസിയായ ആദിത്യന്‍ ഇന്‍സാനുമായി താന്‍ വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മാത്രമാണ് തൃപ്തികരമായി ഹണി നല്‍കിയ ഏക മറുപടി. ദേരാ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതും, ദേരാ വാഹനം കത്തിച്ചതും, ദേരാ ഗുണ്ടകള്‍ക്ക് ലഭിച്ച അഞ്ച് കോടി രൂപയുടെ ഉറവിടവും, ഒളിവില്‍ കഴിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന അന്തര്‍ദേശീയ സിം കാര്‍ഡ് എവിടുന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഹണിപ്രീത് തയാറായില്ല.

ചോദ്യം ചെയ്യലിനോട് ഹണിപ്രീത് നിസംഗത പ്രകടിപ്പിക്കുകയാണ്. അതുകൊണ്ട് കോടതി അനുവദിച്ച ആറ് ദിവസം റിമാന്‍ഡ് കാലാവധി മതിയാകാതെ വരും. റിമാന്‍ഡ് കാലാവധി നീട്ടാന്‍ ആവശ്യപ്പെടുന്നതിനൊപ്പം നാര്‍ക്കോ പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നും പഞ്ച്കുളാ പോലീസ് കമ്മീഷണര്‍ എ.എസ്. ചൗള പറഞ്ഞു.

 

Related posts