ചണ്ഡിഗഢ്: ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ പോലീസ് തേടുന്ന കൊടും കുറ്റവാളി. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളാണ് ഹണിപ്രീത്. ഗുര്‍മീതിന്റെ അറസ്റ്റിനു ശേഷം ഒളിവില്‍ പോയ ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
കലാപം നയിച്ച ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാനും പട്ടികയിലുണ്ട്. മൊത്തം 43പേര്‍ക്കെതിരേയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. വിധിപ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്.പഞ്ച്കുലയിലെ കോടതിയില്‍ നിന്ന് രോത്തക്ക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടു പോകുന്ന സമയത്ത് ഗുര്‍മീതിനൊപ്പം ഹണിപ്രീത് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാണാതാകുകയായിരുന്നു. ഗുര്‍മീതിനു ശേഷം ദേര സച്ചാ സൗദയെ നയിക്കുക ഹണിപ്രീത് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇവരെ കാണാതായത്. ഇവര്‍ നേപ്പാളിലേക്കു കടന്നതായും അതല്ല സിര്‍സയില്‍ തന്നെയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.
നേപ്പാളിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഹണിപ്രീതിന്റെ ഫോട്ടോകളും എല്ലാ സ്‌റ്റേഷനുകളിലും എത്തിച്ചിട്ടുണ്ട്. ബുര്‍ഖയോ മുഖാവരണമോ ധരിച്ച് സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേര സച്ച സൗദയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണ് ഹണിപ്രീത് എന്നാണ് പൊലീസിന്റെ വിശ്വാസം.
2009 മുതലാണ് ഇവര്‍ ഗുര്‍മീതിനൊപ്പം കൂടിയത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് ഹണിപ്രീത് സ്വയം പറയുന്നത്. റാം റഹിമിനെ നായകനാക്കി എംഎസ് ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന സിനിമ ഹണിപ്രീത് സംവിധാനം ചെയ്തു. എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ് എന്ന സിനിമയില്‍ ഹണിപ്രീത് 21 റോളുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു.
എന്നാല്‍ ഗുര്‍മീതും ഹണിയും ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന വെളിപ്പെടുത്തലുമായി ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്തു വന്നിരുന്നു. ഗുര്‍മീതിന്റെ ഭക്തനായിരുന്ന താന്‍ ഭാര്യക്കൊപ്പം നടത്തിയ ആശ്രമ സന്ദര്‍ശനത്തിനിടെ ഗുര്‍മീത് ഭാര്യയെ വശീകരിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നാണ് ഗുപ്ത പറഞ്ഞത്.ഗുര്‍മീതിനെ കോടതിയില്‍നിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനെയും ദേരാ സച്ച സൗദ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെയും പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നേപ്പാളിലേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് നേപ്പാള്‍ ഗവണ്‍മെന്റുമായി ബന്ധപ്പെടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.