ന്യൂഡൽഹി: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് അറസ്റ്റിലായി. ചണ്ഡിഗഡിൽ ഹൈവേയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹണിപ്രീതിനൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 36 ദിവസമായി ഒളിവിലായിരുന്ന ഹണിപ്രീത് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖം സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകൾക്കകമാണ് പോലീസ് പിടിയിലാകുന്നത്.
തനിക്കെതിരെയും ഗുർമീതിനെതിരെയുമുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ഗുർമിത് ഇന്ത്യാ ടുഡേയിൽ ലൈവായി പ്രത്യക്ഷപ്പെട്ടത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് തനിക്ക് ഗുർമീതുമായുള്ളതെന്ന് ഹണിപ്രീത് അഭിമുഖത്തിൽ പറഞ്ഞു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. സിർസയിലെ ആശ്രമത്തിൽ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവർ പറഞ്ഞു.
ഗുർമീത് റാം റഹീമിന്റെ അറസ്റ്റിനു ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു. ഹണിപ്രീതിനെ, ഹരിയാന സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.