മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി വിനയൻ ചിത്രത്തിലൂടെ ഹണി സിനിമയിൽ എത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണിയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകുന്നത്.
ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ ഹണിയെ തേടിയെത്തുകയായിരുന്നു.
സിനിമയിൽ ബോൾഡ് കഥാപാത്രങ്ങളെ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ഹണി റോസ്. തന്റെ കരിയറിലുണ്ടായ ഏറെ വിഷമിപ്പിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഹണി ഇപ്പോൾ.
കഥാപാത്രത്തിന്റെ പൂർണതയ്ക്കായി താൻ ചെയ്ത ചില ഇമോഷണൽ ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നുമാണ് ഹണി റോസ് പറഞ്ഞത്.
ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി റോസ്.കഥയ്ക്ക് അനുയോജ്യമാണ് എന്ന് തോന്നിയാൽ അഭിനയിക്കുക.
അല്ലെങ്കിൽ അങ്ങനെയുള്ള സീനുകളിൽ അഭിനയിക്കാൻ വിട്ടുവീഴ്ച ചെയ്യുക. ഇതിൽ ഏതാണ് ഹണിയുടെ നിലപാട് എന്ന അവതാരകൻ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
അത്തരത്തിലുള്ള രംഗങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റായിട്ടുള്ള രംഗങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അതിന് വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.
ചിലർ ഇത്തരം രംഗങ്ങൾ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്- ഹണി പറയുന്നു. അതിനെക്കുറിച്ചുള്ള നിലപാട് എന്താണെന്ന ചോദ്യത്തിന്, നമ്മൾ ചെയ്യാൻ പോകുന്ന രംഗത്തെ ക്കുറിച്ച് നമുക്ക് വ്യക്തമായ ക്ലാരിറ്റി ഉണ്ടാകണമെന്നും അങ്ങനെയൊരു രംഗത്തെ അതേ പ്രാധാന്യത്തിൽ കണ്ടിട്ടുള്ള ആളുകളാണോ നമ്മുടെ കൂടെയുള്ളത് എന്നൊക്കെ നോക്കുക എന്നതിലാണ് കാര്യം.
അങ്ങനെയൊരു രംഗം എടുത്താൽ അത് മാത്രം കട്ട് ചെയ്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്ന രീതികളും ഉണ്ട്. എനിക്കും അത്തരമൊരു അനുഭവമുണ്ട്.
ഞാൻ മനസിലാക്കിയ സിനിമയും എന്റെ അടുത്ത് പറഞ്ഞ സിനിമയും ഒന്ന് തന്നെയായിരുന്നു. പക്ഷേ ആ സിനിമ പ്രൊമോട്ട് ചെയ്ത രീതി എന്നെ വിഷമിപ്പിച്ചു.
ഭയങ്കര ഇമോഷണലായ ഒരു രംഗമായിരുന്നു അത്. ഞാൻ ആ സിനിമ ചെയ്യാമെന്ന് പറയുമ്പോൾ സിനിമയിൽ അത്തരമൊരു രംഗം ഉണ്ടായിരുന്നില്ല.
അതിനു ശേഷമാണ് ഇങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നത്. സംവിധായകൻ ആ രംഗം കൃത്യമായി പറഞ്ഞു മനസിലാക്കി തന്നപ്പോൾ എനിക്ക് അത് ബോധ്യമായി.
പക്ഷേ ആ രംഗം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചു. ഇതുകൂടി ഉണ്ട്… എന്ന രീതിയിലാണ് അതിന്റെ ടാഗ്ലൈൻ പോലും പോയത്.
ഇതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. ഞാൻ ചോദിച്ചപ്പോൾ അത് സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായതല്ലെന്നും നിർമാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണെന്നുമാണ് പറഞ്ഞത്.
അത് വളരെ വിഷമിപ്പിച്ച കാര്യമാണ്- ഹണി റോസ് പറഞ്ഞു.