മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയിലും വലിയ താരമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും ഹണി റോസിന് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തയിടെ ഒരു അവതാരക ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു.
തന്നെ അറിയുന്നവര്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ് ഇപ്പോൾ. ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്തു തോന്നും എന്നാണ് അവതാരക ചോദിച്ചത്.
“”ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചത് എന്നെ അതിശയപ്പെടുത്തി. അവരുടെ മുന്നില്‍ ഉത്തരം പറയാനിരുന്ന രണ്ടു പേരും എന്റെ സഹപ്രവര്‍ത്തകരാണ്.
അവര്‍ ആ ചോദ്യത്തിലെ അപകടം മനസിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിയാന്‍ നോക്കുന്നുണ്ട്. പക്ഷെ പെണ്‍കുട്ടി അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആംഗ്യത്തിലൂടെയും ചിരിയിലൂടെയും ഒക്കെ നടത്തുന്നു.
എന്ത് ആഹ്ലാദമാണ് ഇതിലൂടെ ലഭിക്കുന്നത്. അതേ അവതാരക ഇനി എന്നെങ്കിലും ഇന്റര്‍വ്യൂ ചെയ്യുവാണെങ്കില്‍ ആദ്യ ചോദ്യം തന്നെ ബോഡി ഷെയ്മിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാകും.
എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റ് പറയുന്നതും പരാമര്‍ശിക്കുന്നതും. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. അപ്പോള്‍ എന്തിനാണീ പരിഹാസങ്ങള്‍”- ഹണി റോസ് പറയുന്നു.
പിന്നാലെ ഒരു ചാനലിലെ പരിപാടിയില്‍ നടത്തിയ പരോക്ഷമായ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് തുറന്നടിക്കുന്നുണ്ട്. മറ്റൊരു ചാനലിലെ കോമഡി ഷോയിലും ശരീരത്തെ കളിയാക്കി കൊണ്ട് ഒരു സ്കിറ്റ് കണ്ടു.
ഒപ്പമുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്ന് ഓര്‍ക്കാതെ അവര്‍ അഭിനയിക്കുകയാണ്. അതുകണ്ടു കുറേപ്പേര് അലറി ചിരിക്കുകയാണ്. അതുഭയങ്കര ഷോക്കിംഗ് ആയി.
“”സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയ അറ്റാക്ക് ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല.
പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോള്‍ വലിയ സങ്കടം തോന്നിയിരുന്നു. തുടക്കകാലത്ത് വീട്ടിലുള്ളവരും ഇതൊക്കെ വായിച്ചു വിഷമിക്കും.
പിന്നെ കുറേക്കാലം കേട്ട് കേട്ട് വലിയ സംഭവമല്ലാതായി. ജീവിതത്തില്‍ വലിയൊരു തിരിച്ചടിയുണ്ടായാല്‍ ആദ്യമൊരു ഞെട്ടലുണ്ടാകും.
പിന്നീടതു ശീലമായി മാറും. നമ്മളെ ബാധിക്കാതാകും. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഒന്നും ഇപ്പോള്‍ ആലോചിക്കാറില്ല. വെറുതെ എന്തിനാണ് മനസ് തളര്‍ത്തുന്നത്.
അങ്ങനെ ഡിപ്രഷന് അടിക്കുന്നതിലും നല്ലത് അതിലൊന്നും ശ്രദ്ധകൊടുക്കാതെ വിട്ടു കളയുന്നതാണ്. എനിക്ക് എന്നില്‍ വലിയ വിശ്വാസമാണ്. ആ വിശ്വാസം മതി ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍”- ഹണി റോസ് പറഞ്ഞു.