വടക്കഞ്ചേരി: റബറിൽനിന്നുള്ള വരുമാനം ജീവിതചെലവുകൾ കൂട്ടിമുട്ടാതായപ്പോൾ തേനീച്ചവളർത്തൽ ഉൾപ്പെടെയുള്ള ഉപതൊഴിലുകൾ കണ്ടെത്തി വരുമാനമുണ്ടാക്കുകയാണ് മലയോരനിവാസികൾ. ആവശ്യക്കാർ കൂടുതലും ഉയർന്ന വിലയുമുള്ള ചെറുതേൻ ഉത്പാദനമാണ് കർഷകർ പരീക്ഷിക്കുന്നത്. ചെറുതേനീച്ച വളർത്തലിന് പല മാർഗങ്ങളും അവലംബിക്കുന്നവരുണ്ട്.
മുള, പൈപ്പ്, മണ്കലങ്ങൾ, മരപ്പെട്ടികൾ, സ്വാഭാവിക ഉറവിട സ്ഥാനങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് തേൻ ഉത്പാദനം നടത്തുന്നത്. ഒരു ലിറ്റർ ചെറുതേനിന് രണ്ടായിരം രൂപവരെ വില കിട്ടുമെന്നതിനാൽ കുറഞ്ഞ അധ്വാനംകൊണ്ടുതന്നെ വരുമാനം കണ്ടെത്താം.
തോട്ടങ്ങളിൽ തേനീച്ച വളർത്തുന്നതുവഴി വിളകളിൽനിന്നും വലിയ തോതിലുള്ള വിളവ് ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന ഗുണം. ദിവസവും ശുദ്ധമായ തേൻ ഒരു ടിസ്പൂണ് കഴിക്കുന്നതുവഴി ബുദ്ധിശക്തി വർധിക്കുന്നതിനൊപ്പം രോഗപ്രതിരോധശക്തിയും കൂടും.
രക്തത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യുന്ന ഒരേയൊരു ആഹാരപദാർഥമെന്ന നിലയിലും തേനിന് പ്രത്യേകതയുണ്ട്.കന്യാകുമാരി മാർത്താണ്ഡത്തുനിന്നുള്ളവർ ഇവിടെ താമസിച്ച് തേൻ ഉത്പാദനം നടത്തുകയാണ്. തോട്ടങ്ങളിൽ ഇവർ കൂടുകൾ സ്ഥാപിക്കും. കൂടുകളിൽനിന്നും ഒരുതവണ തേൻ ശേഖരിക്കുന്പോൾ ഒരുകിലോ തേൻ തോട്ടം ഉടമയ്ക്ക് നല്കും.