സ്വന്തം ലേഖിക
കൊച്ചി: മയക്കുമരുന്നു മാഫിയക്കെതിരേ ശക്തമായ നടപടിയുമായി ശ്രദ്ധേയനാകുകയാണ് എറണാകുളം ഷാഡോ എസ്ഐ ഹണി.കെ.ദാസ്. ഷാഡോ എസ്ഐയായി ചാർജെടുത്തിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂവെങ്കിലും മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട 60 കേസുകളാണ് ഇദ്ദേഹം പിടിച്ചത്. ഇതിൽ ഒരു കിലോയ്ക്കു മുകളിൽ കഞ്ചാവുമായി വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് നാലുപേരെ അറസ്റ്റു ചെയ്യുകയുണ്ടായി.
ഏപ്രിൽ മാസത്തിൽ 6 കിലോ കഞ്ചാവും മേയ് മാസത്തിൽ ഏഴേ മുക്കാൽ കിലോ കഞ്ചാവും 134 മയക്കുമരുന്നു ഗുളികളുമാണ് എസ്ഐ ഹണി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്. എംഎസ്സി, എംഫിൽ ബിരുദധാരിയായ ഹണി കെ.ദാസ് 2009-ലാണ് പോലീസ് സർവീസിൽ ചേർന്നത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം.
പിന്നീട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, കളമശേരി, കുറുപ്പംപടി, കടവന്ത്ര, പെരുന്പാവൂർ, കാലടി, ആലപ്പുഴ നോർത്ത്, വൈക്കം, എറണാകുളം നോർത്ത്, ആലുവ എന്നീ പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തു. ഈ കാലയളവിലെല്ലാം പ്രധാനപ്പെട്ട പല കേസുകൾക്കും തുന്പുണ്ടാക്കാനായിട്ടുണ്ട്.
എറണാകുളം നോർത്ത് സ്റ്റേഷനിലായിരുന്നപ്പോൾ നീലച്ചിത്രങ്ങൾ കാണിച്ച് പണം തട്ടിയ കേസിലെ രവീന്ദ്രൻ എന്ന പ്രതിയെ കണ്ടെത്തുന്നതിനായി ഇദ്ദേഹം ശ്രദ്ധേയമായ ഇടപെടൽ നടത്തുകയുണ്ടായി. വൈക്കത്ത് വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തിയും പെരുന്പാവൂരിൽ അന്യസംസ്ഥാനതൊഴിലാളിയായ സ്ത്രീയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അവരുടെ ഭർത്താവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നതും കേസന്വേഷണ രംഗത്തെ ഇദ്ദേഹത്തിന്റെ മികവാണ് പ്രകടമാക്കിയത്.
ഹരി, അഫ്സൽ, ഷാജിമോൻ, സാനു, യൂസഫ്, സുനിൽ, രഞ്ജിത്, വിനോദ്, ഷാജി, സാനുമോൻ, വിശാൽ, രാഹുൽ എന്നീ പോലീസുകാരാണ് എസ്ഐ ഹണി.കെ ദാസിനൊപ്പം ഷാഡോ ടീമിലുള്ളത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചും പാർട്ടികളിലും മറ്റും കഞ്ചാവ് വില്പന നടത്തുന്നതുവരെ കണ്ടെത്തുന്നതിനായി ശക്തമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് എസ്ഐ ഹണി.കെ ദാസ് പറഞ്ഞു. വൈക്കം ടി.വി പുരം ലൗ ഡേയിൽ കമലദാസൻ- ലളിത ദന്പതികളുടെ മകനാണ് ഹണി.കെ.ദാസ്.