ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ സന്തത സഹചാരിണി ഹണിപ്രീത് സിംഗ് നേപ്പാളിലേക്ക് കടന്നതായി റിപ്പോർട്ട്. ഹണിക്കെതിരേ ഇന്നലെ പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ രാജ്യം വിട്ടത്. ഹരിയാന പോലീസിന്റെ ഒരു ടീം ഇന്ത്യ- നേപ്പാൾ അതിർത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടില് പറയുന്നു. അതേസമയം ഹണിപ്രീത് ദേര സച്ചായുടെ റോഹ്തക്കിലുള്ള അനുയായികളുടെ വീടുകളിൽ ഒളിവിൽ കഴിയുകയാണെന്നാണു അഭ്യൂഹവും ഉണ്ട്. ഇവരുടെ മൊബൈൽ ലൊക്കേഷൻ ഹരിയാനയിൽ തന്നെയാണെന്ന് പോലീസ് പറയുന്നു. ഇവരെ കണ്ടെത്തുന്നതിനായി വിമാനത്താവളങ്ങൾ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഗുർമീതിന്റെ ദത്തുപുത്രി എന്നവകാശപ്പെടുന്ന ഹണിക്കെതിരേ രാജ്യദ്രോഹം, അക്രമത്തിനു പ്രേരിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഹരിയാന പോലീസാണ് ലുക്ക്ഒൗട്ട് നോട്ടീസ് ഇറക്കിയത്. ഹണിപ്രീതിനൊപ്പം തന്നെ ദേര സച്ചാ സൗദയുടെ വക്താവ് ആദിത്യ ഇൻസാനെതിരേയും പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാൾക്കെതിരേയും അക്രമത്തിനു പ്രേരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഇരുവർക്കുമെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെ ന്ന് പഞ്ച്കുല പോലീസ് കമ്മീഷണർ എ.എസ് ചൗള അറിയിച്ചു. പഞ്ച്കുലയിലെ കോടതി പരിസരത്തു നിന്നു വിധി വന്നശേഷം ഗുർമീതിനെ ഇവർ മോചിപ്പിക്കാൻ പദ്ധതിയിട്ടെന്നാണു ഹരിയാന പോലീസ് ഐജി കെ.കെ. റാവു പറയുന്നത്. പോലീസ് വാഹനം തടഞ്ഞു ഗുർമീതുമായി കടന്നുകളയാനായിരുന്നു പദ്ധതി. എന്നാൽ, സമയോചിതമായ ഇടപെടലിലൂടെ പോലീസ് ഈ നീക്കം പൊളിക്കുകയായിരുന്നു.
ഗുർമീത് റാം റഹീം കുറ്റക്കാരനെന്നു പ്രത്യേക സിബിഐ കോടതി വിധിച്ച കഴിഞ്ഞ ഓഗസ്റ്റ് 25ന് ഇയാളെ മോചിപ്പിക്കുന്നതിനായി ഹണിപ്രീതിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണു പോലീസ് കണ്ടെ ത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന ു വിധിക്കപ്പെട്ട ശേഷം ഗുർമീതിന് ഏർപ്പെടുത്തി നൽകിയ സുരക്ഷാ സൗകര്യങ്ങൾ ചോർത്തി നൽകിയാണ് ഹണി ഇയാളെ മോചിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയത്.
വിധിക്കുശേഷം കോടതിയിൽ നിന്നു പുറത്തു കടക്കവേ കാത്തു നിന്നിരുന്ന അനുയായികൾക്ക് അക്രമം നടത്താൻ ഇവർ സിഗ്നൽ നൽകിയെന്നും ഹരിയാന പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൻബീർ സിംഗ് പറഞ്ഞു. ഹണിപ്രീത് അനുയായികൾക്കു സിഗ്നൽ നൽകിയതിനെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്. വിധി വന്നതിനുശേഷം കോടതിയിൽ നിന്നിറങ്ങിയപ്പോൾ തന്റെ ചുവപ്പു ബാഗ് വേണമെന്നു ഗുർമീത് ആവശ്യപ്പെട്ടു. തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നും അക്രമം തുടങ്ങൂ എന്നും അനുയായികൾക്കുള്ള ഗുർമീതിന്റെ സന്ദേശമായിരുന്നു ഇത്.
ഗുർമീതിന്റെ കാറിൽനിന്നു ചുവപ്പുബാഗ് പുറത്തെടുത്തയുടൻ ഷെല്ലുകൾ പൊട്ടുന്ന ശബ്ദം മുഴങ്ങി. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമമാണെന്നു സംശയമുണർന്നു. ഉടൻ ഗുർമീതിനെ പോലീസ് വാഹനത്തിലേക്കു മാറ്റിയപ്പോൾ വാഹനം ഗുർമീതിന്റെ അംഗരക്ഷകർ വളഞ്ഞു.
വർഷങ്ങളായി ഗുർമീതിനു സംരക്ഷണം നൽകുന്ന പോലീസുകാരും ഇവരോടൊപ്പമുണ്ടായിരുന്നു. ഇവരെ ബലം പ്രയോഗിച്ചു നീക്കിയാണു വാഹനം മുന്നോട്ടെടുത്തത്. ഈ വാഹനങ്ങളിൽ ആയുധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ വഴി ഒഴിവാക്കിയാണു പോലീസ് ഗുർമീതുമായി നീങ്ങിയത്. പിന്നീടു ഹെലികോപ്ടറിലാണു ഗുർമീതിനെ റോഹ്ത്തക്കിലെ ജയിലിലേക്കു കൊണ്ടുപോയത്.
ഈ ഹെലികോപ്ടറിൽ ഗുർമീതിനൊപ്പം ഹണിപ്രീതും കയറിയതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ അനുയായികൾ അഴിച്ചുവിട്ട അക്രമങ്ങളിൽ 38 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.ഗുർമീതിന്റെ വിധിക്കു പിന്നാലെ അനുയായികളെ അക്രമത്തിനു പ്രേരിപ്പിച്ചതിൽ മുഖ്യപ്രതി ആദിത്യ ഇൻസാനാണ്.