മാങ്കാംകുഴി: ജനുവരി ഒന്നിന്ന് നവോഥാനമൂല്യങ്ങൾ ഉയർത്തി സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ നടി ഹണി റോസ് പങ്കെടുക്കണമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു. സംസ്ഥാന ഹോർട്ടി കോർപ്പിന്റെ മാവേലിക്കര തഴക്കര കൊച്ചാലുംമൂട് കേന്ദ്രമായുള്ള നവീകരിച്ച തേനീച്ച വളർത്തൽ കേന്ദ്രത്തിന്റെയും തേനീച്ച പാർക്കിന്റെയും ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഹണി റോസിനെയും പരസ്യമായി വനിതാമതിലിൽ അണിനിരക്കാൻ ക്ഷണിച്ചത്.
ചടങ്ങിൽ മുഖ്യ അതിഥിയായി ഹണിറോസ് വേദിയിലുണ്ടായിരുന്നു. ശബരിമലയുടെ വിഷയത്തിൽ ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ബിജെപി സെക്രട്ടറിയേറ്റിന് മുന്പിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ഇരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. എന്തിന് വേണ്ടിയാണ് സമരമെന്ന് അവർക്ക് പോലുമറിയില്ലന്നും മന്ത്രി കുറ്റപ്പെടുത്തി.